ദേശീയ ദിനപത്രമായ ‘ദ് ഹിന്ദു’വിൽ അഭിമുഖം നൽകാൻ അവസരം തരപ്പെടുത്തിയത് പിആര്‍ ഏജന്‍സിയാണെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി., അത് പി.ആര്‍ ഏജന്‍സിയെന്ന് അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിന് പി.ആര്‍. ഏജന്‍സിയില്ല. ഒരു പി.ആര്‍.ഏജന്‍സിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടില്ല. ഇതിനായി ഒരു പണവും ആര്‍ക്കും കൊടുത്തിട്ടില്ല. അഭിമുഖത്തിനായി സമീപിച്ചത് പി.ആര്‍. ഏജന്‍സിയല്ല, ഒരു പരിചയക്കാരനാണ്. ആലപ്പുഴയിലെ സി.പി.എം. നേതാവ് ദേവകുമാറിന്റെ മകനായിരുന്നു അത്. അഭിമുഖം പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ താന്‍ പറയാത്ത കാര്യം വന്നു. അഭിമുഖത്തിനെത്തിയ രണ്ടാമന്‍ ആരെന്ന് അറിയില്ല. ലേഖികയ്ക്ക് ഒപ്പമുള്ള ആളെന്ന് കരുതി– മുഖ്യമന്ത്രി പറഞ്ഞു
പിആര്‍ ഏജന്‍സി വിവാദത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്
ഹിന്ദുവിന് ഇന്‍റര്‍വ്യൂ കൊടുക്കുന്നതില്‍ വേറെ പ്രശ്നമൊന്നുമില്ല. അത് തനിക്കും താല്‍പര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്നു പറഞ്ഞു. സമയം എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ സമയം വളരെ കുറവാണെന്നും കമ്മിറ്റി മീറ്റിങ് നടക്കുകയാണെന്നും പറഞ്ഞു. അതിനിടയ്ക്കുള്ള ഒരു സമയം അനുവദിച്ചു. അവര്‍ വന്നു. വന്നപ്പോള്‍ ഇവര്‍ രണ്ടുപേരാണ്. ഒന്ന് ഒരു ലേഖികയാണ്. ഒറ്റപ്പാലത്തുകാരിയാണ്. ‘ഞാന്‍ നിങ്ങളെ നേരത്തേ ഇന്‍റര്‍വ്യൂ ചെയ്തിട്ടുണ്ടെ’ന്ന് അവര്‍ പറഞ്ഞു. ഓര്‍ക്കുന്നില്ല. ഏതായാലും അവരെ പരിചയപ്പെട്ടു. ഇന്‍റര്‍വ്യൂ ആരംഭിച്ചു. അതില്‍ നിങ്ങളുടെ സാധാരണ സ്വഭാവമനുസരിച്ച് ഒരുപാട് ചോദ്യം ചോദിക്കുമല്ലോ. ആ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയും പറഞ്ഞു.
അതില്‍ ഒരു ചോദ്യം അന്‍വറിന്‍റെ പ്രശ്നവുമായി ബന്ധപ്പെട്ടായിരുന്നു. അത് ഞാന്‍ വളരെ വിശദമായി പറഞ്ഞുകഴിഞ്ഞതാണ്. അത് വീണ്ടും ആവര്‍ത്തിക്കുന്നില്ല. നമുക്ക് ഇന്ന് അത്ര സമയവുമില്ല. അതുകൊണ്ട് അതിലേക്ക് വിശദമായി പോകുന്നില്ല എന്നുപറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു. പക്ഷേ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍ താന്‍ പറയാത്ത ഭാഗം ഉണ്ടായി. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ കൃത്യമായി ഉത്തരം പറഞ്ഞതാണ്. നിങ്ങള്‍ക്ക് അറിയാമല്ലോ എന്റെ നിലപാടുകള്‍ എന്താണെന്നുള്ളത്. ഏതെങ്കിലും ഒരു ജില്ലയേയോ വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി തന്‍റെ പൊതുപ്രവര്‍ത്തന രംഗത്ത് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും കാണാന്‍ കഴിഞ്ഞിട്ടുണ്ടോ ? അങ്ങനെയൊരു നില എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. പക്ഷേ അവര്‍ക്ക് അത്തരത്തിലുള്ള ഒരു കാര്യം എന്റേതായിട്ട് എങ്ങനെ കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളത് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ്. ഇക്കാര്യത്തില്‍ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഇതില്‍ കാണേണ്ടത് ഞാനോ സര്‍ക്കാരോ ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പൈസ പോലും ഈ പി.ആര്‍. ഏജന്‍സിക്കുവേണ്ടി ഞാനോ സര്‍ക്കാരോ ചെലവഴിച്ചിട്ടുമില്ല.
ദേവകുമാറിന്‍റെ മകന്‍ രാഷ്ട്രീയമായി ചെറുപ്പം മുതലേ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന ആളാണ്. കൃത്യമായ രാഷ്ട്രീയ നിലപാടുള്ള ആളാണ്. പിന്നെ ദേവകുമാറും നമ്മളുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാമല്ലോ. അപ്പോള്‍ അതിന്‍റെ ഭാഗമായി അയാള്‍ പറഞ്ഞപ്പോള്‍ ഒരു ഇന്‍റര്‍വ്യൂ ആകാമെന്ന് സമ്മതിച്ചുവെന്ന് മാത്രം. അയാളെ നയിച്ചിട്ടുണ്ടാകുക ആ രാഷ്ട്രീയനിലപാടുതന്നെയാണ്. മറ്റുകാര്യങ്ങള്‍ അവര്‍ തമ്മില്‍ തീരുമാനിക്കേണ്ടതാണ്. തനിക്കറിയില്ല.
സാധാരണഗതിയില്‍ അങ്ങനെ ഒരു ഭാഗം ചേര്‍ത്തുകൊടുക്കാന്‍ പാടില്ലല്ലോ. അതുകൊണ്ടാണല്ലോ ദ് ഹിന്ദു മാന്യമായിത്തന്നെ ആ കാര്യത്തില്‍ ഖേദം രേഖപ്പെടുത്തുന്ന നിലയുണ്ടായത്. വളരെ മാന്യമായ നിലയാണ് അവര്‍ സ്വീകരിച്ചത്. ഏതെങ്കിലും ഒരു ഭാഗം കിട്ടിയാല്‍ അത് ഞാന്‍ പറഞ്ഞതായി കൊടുക്കാന്‍ പാടുണ്ടോ?. താന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ എഴുതുക മാത്രമല്ലല്ലോ, ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയല്ലേ. ഫോണ്‍ അവിടെ വച്ച് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇതിനൊന്നും ഉത്തരം പറയാതിരിക്കുകയല്ല. ആകെ ഉത്തരം പറയാതിരുന്നത് അന്‍വറിന്റെ കാര്യത്തില്‍ മാത്രമേയുള്ളു. ഉത്തരം പറയാന്‍ വിഷമിച്ചതുകൊണ്ടല്ല, ദീര്‍ഘമായി പറയേണ്ട കാര്യമായതുകൊണ്ടാണ്. അത് നേരത്തേ ഞാന്‍ ദീര്‍ഘമായി പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അത് പറയുന്നില്ല എന്നാണ് പറഞ്ഞത്.
അപ്പോള്‍ അതുമായി ബന്ധപ്പെട്ട് അവര്‍ തമ്മിലുള്ള കാര്യങ്ങള്‍ എന്താണ് നടന്നതെന്ന് തനിക്ക് കൃത്യമായി പറയാന്‍ പറ്റില്ല. അതേസമയം ഈ പറയുന്ന ഏതെങ്കിലും ഭാഗം അവര്‍ ഈ ചെറുപ്പക്കാരന്‍റെ അടുത്തുനിന്ന് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട കാര്യമാണ്. അവിടെ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കൂടി കടന്നുവരുന്നുണ്ട്. രണ്ടുപേരാണ് ആദ്യം വന്നത്. പിന്നീടാണ് മൂന്നാമന്‍ എത്തിയത്. ദ് ഹിന്ദുവിന്‍റെ മാധ്യമപ്രവര്‍ത്തകയുടെ കൂടിയുള്ള ആളാണെന്ന് മാത്രമേ താന്‍ മനസിലാക്കിയുള്ളു. പിന്നെയാണ് പറയുന്നത് അത് ഏതോ ഏജന്‍സിയുടെ ആളാണെന്ന്. തനിക്ക് അത്തരമൊരു ഏജന്‍സിയെ അറിയില്ല, വന്നയാളെയും അറിയില്ല. അവിടെ വന്ന് ഇരുന്നു എന്നത് ശരിയാണ്. കേരള ഹൗസില്‍ ഇരിക്കുന്ന സമയത്താണ് അത് നടക്കുന്നത്. തനിക്ക് ഒരു ഏജന്‍സിയുമായും ബന്ധമില്ല, ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടുമില്ല, ഒരു ഏജന്‍സിക്കും ഇതിന്‍റെ ഉത്തരവാദിത്തം കൊടുത്തിട്ടുമില്ല.
ഗള്‍ഫിലുള്ള പലരും പല ഏജന്‍സികളും അഭിമുഖം എടുക്കാറുണ്ട്. പല ഘട്ടങ്ങളില്‍ എടുത്തിട്ടുണ്ട്. ഇപ്പോഴല്ല വര്‍ഷങ്ങള്‍ക്കുമുന്നേ എടുത്തിട്ടുണ്ട്. ഗള്‍ഫിലുള്ള പല മാധ്യമങ്ങളും അവിടെയുള്ള മലയാളികളുടെ സാന്നിധ്യം കണക്കിലെടുത്ത് കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്– മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.