kt-jaleel-2
  • 'മലപ്പുറം ജില്ലക്കാരനായ എന്നെ ആക്രമിച്ചപ്പോള്‍ മലപ്പുറം സ്നേഹം എവിടെ പോയി'
  • 'പിടിക്കപ്പെട്ട മതപണ്ഡിതന് ലീഗിനോട് ബന്ധം‍'
  • 'ലീഗിനെ വെല്ലുവിളിക്കുന്നു, ലീഗ് എതിര്‍ത്താല്‍ തെളിവുകള്‍ പുറത്തുവിടും'

മനോരമ ന്യൂസ് നേരെ ചൊവ്വേയിലെ മതവിധി പരാമര്‍ശത്തിലുറച്ചും കൂടുതല്‍ കടുത്ത ആരോപണങ്ങളുമായി കെ.‌ടി.ജലീല്‍. കരിപ്പൂര്‍ വഴി കള്ളക്കടത്തിന് പിടിയിലായത് ഭൂരിഭാഗവും മുസ്‌ലിം സമുദായത്തിലുള്ളവരാണ്. ഹജ്ജിന് പോയ മതപണ്ഡിതന്‍വരെ കടത്ത് നടത്തിയിട്ടുണ്ട്. പിടിക്കപ്പെട്ടവര്‍ പറയുന്നത് കള്ളക്കടത്ത് മതപരമായ തെറ്റല്ലന്നാണ്. കള്ളക്കടത്തുകാരെ മാറ്റിനിര്‍ത്താന്‍ ലീഗ് തയാറായില്ല. ഈ സാഹചര്യത്തിലാണ് താന്‍ പാണക്കാട് തങ്ങള്‍ മധവിധി പുറപ്പെടുവിക്കണമെന്ന് പറഞ്ഞത്. അതിന് കഴിയില്ലെങ്കില്‍ സാദിഖലി തങ്ങള്‍ ലീഗ് അധ്യക്ഷനായി മാത്രം ഇരിക്കട്ടെ. താന്‍ പറഞ്ഞത് പിഎംഎ സലാം തെറ്റായി വക്രീകരിച്ചെന്നും കെ.ടി.ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

'മലപ്പുറം ജില്ലക്കാരനായ എന്നെ ആക്രമിച്ചപ്പോള്‍ മലപ്പുറം സ്നേഹം എവിടെ പോയെന്ന് ജലീല്‍ ചോദിച്ചു. ഒരു തെറ്റും ചെയ്യാഞ്ഞിട്ടും എന്നെ ക്രൂശിച്ചു. ഹജ്ജിനുപോയ മതപണ്ഡിതന്‍ സ്വര്‍ണക്കടത്തിന് പിടിയിലായി. ‌പിടിക്കപ്പെട്ട മതപണ്ഡിതന് ലീഗിനോട് ബന്ധബന്ധമുണ്ടെന്ന് ജലീല്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ലീഗിനെ വെല്ലുവിളിക്കുന്നു. ലീഗ് എതിര്‍ത്താല്‍ തെളിവുകള്‍ പുറത്തുവിടും. രാജ്യവിരുദ്ധമായത് മതവിരുദ്ധമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.

അതേസമയം, മതവിധി പുറപ്പെടുവിക്കണമെന്ന ജലീലിന്‍റെ പ്രസ്താവന നികൃഷ്ടമെന്ന് മുസ്‌ലിം ലീഗ്.മുസ്‌ലിം സമുദായത്തെ കുറ്റവാളികളായി ചിത്രീകരിക്കാനാണ് ശ്രമം. സിപിഎം ഉന്നതരെ തൃപ്തിപ്പെടുത്താനാണ് ജലീലിന്‍റെ  നീക്കം. ജലീലിന്‍റെ പ്രസ്താവനയ്ക്ക് എതിരെ ലീഗ് പ്രതിഷേധിക്കുമെന്ന് പിഎംഎ സലാം.

സ്വർണ്ണക്കടത്ത് തടയാൻ പാണക്കാട് തങ്ങൾ മതവിധി ഇറക്കിയാൽ മതിയെന്ന കെ ടി ജലീലിന്റെ പ്രസ്താവനയ്ക്കെതിരെ  ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി. കുഴിയിൽ വീണ മുഖ്യമന്ത്രിയെ കരകയറ്റാനുള്ള ശ്രമമാണ് കെ. ജലീൽ നടത്തുന്നത് . കളി പാണക്കാട് തങ്ങളോട് വേണ്ടെന്നും കെ ടി ജലീൽ നടത്തിയത് ഹീനമായ രാഷ്ട്രീയമെന്നും  ഇ.ടി.മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

ENGLISH SUMMARY:

Gold smuggling KT Jaleel against IUML