TOPICS COVERED

ലോക്കൽ കമ്മിറ്റി യോഗത്തിലെ കയ്യാങ്കളിയെത്തുടർന്ന്,  ഭിന്നത രൂക്ഷമായ സിപിഎം പൂണിത്തുറ ലോക്കൽ കമ്മറ്റിയുടെ കീഴിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 11  ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി. സംഘടനാ മാനദണ്ഡപ്രകാരമാണ് മാറ്റിയതെന്നാണു വിശദീകരണം. വിഭാഗീയത ശക്തമായതോടെ പൂണിത്തുറയിൽ അഭിപ്രായ ഭിന്നതയുടെ രൂക്ഷതയും ഏറുകയൊണ്. 

17 ബ്രാഞ്ചുകളാണ് പൂണിത്തുറയിൽ ഉള്ളത്. ഇതിൽ പതിനാറിലും സമ്മേളനം കഴിഞ്ഞു. പഴയ കമ്മിറ്റിയിലെ 8 ബ്രാഞ്ച് സെക്രട്ടറിമാർ വിഭാഗീയതയുടെ ഭാഗമായി ചുമതല ഒഴിയുന്നതായി കാണിച്ചു നേരത്തേ പാർട്ടിക്കു കത്തു നൽകി. ഇതിൽ മൂന്നു പേർ പുതിയ ബ്രാഞ്ച് സെക്രട്ടറിമാരായി നിർദേശിക്കപ്പെട്ടു. ബാക്കിയുള്ളവർ പല കാര്യങ്ങളിലും പാർട്ടി വിരുദ്ധ നിലപാട് എടുത്തിരുന്നവരാണെന്നാണു ഔദ്യോഗിക വിശദീകരണം. ഇവരെ മാനദണ്ഡപ്രകാരം സെക്രട്ടറിമാരാക്കാൻ പറ്റില്ലെന്നു നിർദേശം നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. 

സെക്രട്ടറിമാരെ മാറ്റിയ കമ്മിറ്റികളിൽ പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുക്കും. കടുത്ത വിഭാഗീയതയും തർക്കവുമാണു പൂണിത്തുറ സിപിഎമ്മിൽ ഉടലെടുത്തിരിക്കുന്നത്. പോഷക സംഘടനകൾ നിർജീവമാണ്. ഇരു വിഭാഗങ്ങൾക്കൊപ്പം ജില്ലാ ഏരിയ നേതാക്കൾ അണിനിരന്നതോടെ പ്രശ്നം സങ്കീർണമായിരിക്കുകയാണ്.  

ENGLISH SUMMARY:

Factionalism in CPM Poonithura, 11 new branch secretaries replaced.