മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം രാജ്ഭവനിലെത്തി വിശദീകരിക്കുന്നതിന് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ടപ്രകാരമെന്ന് ഗവര്‍ണര്‍. കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ടലംഘനമായി കണക്കാക്കും. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന മുഖ്യമന്ത്രിയുടെ കത്തിനുള്ള മറുപടിക്കത്തിലാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. സാങ്കേതികത്വം പറഞ്ഞ് ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചുവയ്ക്കാനാകില്ലെന്നും ഗവര്‍ണര്‍.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവർണറുടെ അവശ്യം. ഇന്ന് 4 മണിക്ക് രാജ്ഭവനിലെത്താനായിരുന്നു ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകിയത്. ദേശവിരുദ്ധ പ്രവർത്തനം എന്താണെന്നും ദേശ വിരുദ്ധർ ആരാണെന്നും അറിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടർന്നാണ് ഗവർണർ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം