TOPICS COVERED

എറണാകുളം പൂണിത്തുറ സിപിഎമ്മിലെ കൂട്ടയടിക്ക് പിന്നാലെ രാഷ്ട്രീയ വിശദീകരണത്തിനൊരുങ്ങി പാര്‍ട്ടി. കടുത്ത വിഭാഗീയത നിലനിൽക്കുന്ന പൂണിത്തുറ ലോക്കൽ കമ്മറ്റിയിലെ കാര്യങ്ങൾക്ക് പരിഹാരമായി ഈ മാസം 11 ന് പേട്ടയിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരും. സംസ്ഥാനസമിതി നേതാക്കളടക്കം പങ്കെടുക്കും. കടുത്ത നടപടിക്ക് പിന്നാലെ വിശദീകരിച്ച് നാണക്കേട് മറയ്ക്കാനാണ് നീക്കം. പാര്‍ട്ടി സമ്മേളനം കഴിഞ്ഞാല്‍ ലോക്കൽ കമ്മറ്റി പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന.

സമ്മേളനങ്ങൾ തുടങ്ങിയതോടെ ബ്രാഞ്ച് തലം മുതൽ കടുത്ത വിഭാഗീയതയും തർക്കവുമാണ് എറണാകുളം ജില്ലയിൽ നിലനിൽക്കുന്നത്. സമ്മേളനതുടക്കത്തിൽ തന്നെ അത് പ്രകടമാണ്. പൂണിത്തുറ ലോക്കൽ കമ്മറ്റിയിലാണ് ഇതുവരെയുള്ള പ്രശ്നങ്ങളിൽ ഏറ്റവും രൂക്ഷം. പ്രവർത്തകർ ചേരിതിരിഞ്ഞ് കൂട്ടയടി നടത്തിയ ലോക്കൽ കമ്മറ്റിയിൽ കടുത്ത നടപടിയും കഴിഞ്ഞ ദിവസം മേൽകമ്മറ്റി എടുത്തു. കൂട്ടയടിയിൽ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരെയടക്കം ആറുപേരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു.

തൃക്കാക്കര ഏരിയ കമ്മറ്റി അംഗം വി.പി. ചന്ദ്രനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ഫണ്ട് തിരിമറിയുടെ പേരിലും പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കി. ലോക്കൽ കമ്മറ്റി തന്നെ പിരിച്ചുവിടാനുള്ള ആലോചനയും ഉണ്ട്. സമ്മേളന കാലയളവായതുകൊണ്ട് അൽപ്പം താമസിക്കുന്നു എന്നുമാത്രം. അടിപിടിയുടെ പേരിൽ പ്രവർത്തകരായ ആറു പേർ റിമാൻഡിലാണ്. ഇതിനിടെ പറവൂരിൽ ബ്രാഞ്ച് അഗം ആത്മഹത്യചെയ്തത് സാമ്പത്തീക പ്രതിസന്ധിയുടെ പേരിലാണെന്നു കാട്ടി അധ്യായം അടയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവിടെയും പ്രശ്നം പുകയുകയാണ്. ലോക്കൽ സെക്രട്ടറിയാണ് ഇവിടെ പ്രതിക്കൂട്ടിൽ. വിഭാഗീയതയുടെ പേരിൽ പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയില്‍ 11 ബ്രാഞ്ച് സെക്രട്ടറിമാരെയാണ് മാറ്റിയത്.

ENGLISH SUMMARY:

Following the group clash within the CPM at Poonithura in Ernakulam, the party is preparing for a political explanation. A meeting, which will include state committee leaders, is scheduled for the 11th of this month. The move is seen as an effort to cover up the embarrassment after taking strict action. There are indications that the local committee may be dissolved after the party conference.