മലപ്പുറത്തെ കുട്ടിപാകിസ്ഥാനെന്ന് കോണ്‍ഗ്രസുകാര്‍ ആക്ഷേപിച്ചെന്ന കെ.ടി,ജലീലിന്‍റെ പരാമര്‍ശം അവിശ്വാസ പ്രമേയ ചര്‍ച്ചയെ ബഹളത്തില്‍ മുക്കി. മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ജനസംഘത്തിന് കൂടെ നിന്ന് ഇനിയെന്തിന് പാകിസ്ഥാന്‍ എന്ന് ചോദിച്ചവരാണ് കോണ്‍ഗ്രസുകാരെന്നു കൂടി ജലീല്‍ പറഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധം അണപൊട്ടി . ഒരിക്കലും പറയാൻ പാടില്ലാത്ത പ്രസ്താവനയാണ് ജലീൽ നടത്തിയതെന്നയി പ്രതിപക്ഷം. ഗാന്ധിയെയും നെഹ്റുവിനെയും നിന്ദിച്ചു. അങ്ങനെയൊരു പ്രസ്താവന ഉയരരുതായിരുന്നു.
ഈ ഭാഗം രേഖകളില്‍ നിന്ന് നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പട്ടു. പരിശോധിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. ജനസംഘവും കോൺഗ്രസും ഒരുമിച്ച് മലപ്പുറം ജില്ല രൂപീകരണത്തെ എതിർത്തു എന്ന് തെളിയിക്കാന്‍ ലീഗ് നേതാവിന്‍റെ പഴയൊരു പ്രസംഗം ഉദ്ധിച്ച് മന്ത്രി പി.രാജീവും ജലീലിനെ പിന്തുണച്ചു .
വീണ്ടും പ്രസംഗം തുടങ്ങിയ ജലീല്‍ പാകിസ്ഥാന്‍ പ്രയോഗം ആവര്‍ത്തിച്ചതോടെ എതിര്‍പ്പുമയി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എഴുന്നേറ്റു. സ്പീക്കര്‍ പരിശോധിക്കാമെന്നു പറഞ്ഞിട്ടും അതേ വാചകം ആവര്‍ത്തിക്കുന്നത് ശരിയാണോ എന്നയി പ്രതിപക്ഷ നേതാവ്. ഒപ്പം നിങ്ങള്‍ ചന്തയിലാണോ ഇരിക്കുന്നതെന്ന് ഭരണപക്ഷത്തോട് ഒരു ചോദ്യവും. ഈ സമയം മന്ത്രി എം.ബി.രാജേഷും ജലീലിനെ പിന്തുണയുമായെത്തി. മലപ്പുറം വന്നാല്‍ താനൂര്‍ കടപ്പുറത്ത് പാകിസ്ഥാന്‍ പടക്കപ്പലെത്തുമെന്ന് കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നയി ജലീല്‍.
പാകിസ്ഥാന്റെ പടക്കപ്പൽ വന്നാൽ അതിന്റെ സ്ഥാനം അറബിക്കടലിൽ ആയിരിക്കും എന്നാണ് അന്ന് സി.എച്ച്.മുഹമ്മദ് കോയ പറഞ്ഞത്. സി.എച്ചിന്‍റെ മകന്‍ ഈ പ്രസംഗം വായിച്ചിട്ടുണ്ടാവും. പക്ഷേ പി.കെ ബഷീര്‍ സി.എച്ചിന്‍റെ പ്രസംഗമൊന്നും വായിച്ചിട്ടേ ഉണ്ടാകില്ലെന്നും ജലീല്‍ പറഞ്ഞു. പ്രതിഷേധവുമായെഴുന്നേറ്റ ബഷീര്‍ ഞാന്‍ വായിച്ചിട്ടുണ്ടോ എന്ന് പറയാന്‍ ജലീല്‍ ആരെന്നായി. തര്‍ക്കം മൂത്തതോടെ ജലീലിനെതിരായ ബഷീറിന്‍റെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ രേഖകളില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
കാലിക്കറ്റ് സർവകലാശാല വന്നപ്പോഴും കോണ്‍ഗ്രസ് ഇതേ എതിർപ്പ് തുടര്‍ന്നെന്നും ജലീല്‍ ആരോപിച്ചു. മലബാറില്‍ അലീഗഢ് വരുന്നു എന്നാണ് അന്ന് പറഞ്ഞത്. മലപ്പുറം ജില്ലയുടെ അകക്കാമ്പിനെ എതിർത്തവരാണ് കോൺഗ്രസും ജനസംഘവും. മലബാർ കലാപത്തെ ഒറ്റുകൊടുത്തതും ഇവർ തന്നെ. മലബാർ കലാപം സ്വതന്ത്ര സമരമല്ലെന്നു പ്രചരിപ്പിച്ചു. 1972 ലാണ് മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചതെന്നും ജലീല്‍ പറഞ്ഞു.
ആർഎസ്എസിന്റെ ഏതെങ്കിലും ഒരു പരിപാടിയിൽ പിണറായി വിജയൻ ഇന്നുവരെ സംസാരിച്ചിട്ടുണ്ടോ എന്നു ചോദിച്ച ജലീല്‍ ഗോൾവാൾക്കറിന്റെ ചിത്രത്തിന് മുന്നിൽ വണങ്ങി നിന്നയാളല്ലേ പ്രതിപക്ഷ നേതാവെന്ന് പരിഹസിച്ചു. ആര്‍.എസ്.എസിനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ എതിർത്തത് കമ്യൂണിസ്റ്റുകാരാണ്. ബാബറി മസ്ജിദ്ന്റെ മിനാരം പൊളിച്ചപ്പോൾ നരസിംഹ റാവു അറിയാവുന്ന എന്തെങ്കിലും ഭാഷയിൽ അരുതെന്ന് പറഞ്ഞോ എന്നും ജലീല്‍ ചോദിച്ചു. ഇതിനിടെ പ്രതിപക്ഷ ബഹളത്തെ ചൊല്ലി സ്പീക്കറും ജലീലും തമ്മിലും തര്‍ക്കമുണ്ടായി. പ്രതിപക്ഷ ബഹളം അവഗണിച്ച് സംസാരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടതാണ് ജലീലിനെ ചൊടിപ്പിച്ചത്. അങ്ങനെ സംസാരിക്കാന്‍ പറ്റില്ലെന്നായി ജലീല്‍.