palakkad-bye-election-bjp-candidate

ഉപതിരഞ്ഞെ‌ടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ പരസ്പരം പോരടിച്ച് പാലക്കാട്ടെ ബി.ജെ.പി നേതൃത്വം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള കെ.സുരേന്ദ്രന്‍റെ നീക്കത്തിന് തടയിടാനാണ് ഒരുവിഭാഗത്തിന്‍റെ ശ്രമം. ശോഭാ സുരേന്ദ്രനെ നിര്‍ത്തി പാലക്കാട് പിടിച്ചെടുക്കണമെന്ന ആവശ്യവുമായി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചേക്കും. 

 

തിര‍ഞ്ഞെടുപ്പ് ഏതായാലും സ്ഥാനാര്‍ഥിയാവാന്‍ തിടുക്കം കാട്ടുന്നവരെ വീണ്ടും മല്‍സരിപ്പിക്കരുതെന്നാണ് ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ നിലപാട്. പ്രതിഷേധവും തര്‍ക്കവും പരസ്യമാക്കി ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്ത് നഗരത്തില്‍ ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. 

കെ.സുരേന്ദ്രന്‍റെ പിന്തുണയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാവുമെന്ന ചര്‍ച്ചയ്ക്കിടെയാണ് പ്രതിരോധം തീര്‍ക്കാനുള്ള എതിര്‍പക്ഷക്കാരുടെ ശ്രമം. പൊരുതിയാല്‍ താമര വിരിയാന്‍ സാധ്യതയുള്ള പാലക്കാട് വെറുതെ വിട്ടുകളയരുതെന്നാണ് ഇവരുടെ ആവശ്യം.

ശോഭാ സുരേന്ദ്രന് അനുകൂലമായി ഫ്ളക്സ് വരുന്നതില്‍ എന്താണ് പ്രശ്നമെന്നാണ് സി.കൃഷ്ണകുമാറിന്‍റെ ചോദ്യം.  അവര്‍ ദേശീയനേതാവല്ലേ. ആരാണ് മല്‍സരിക്കേണ്ടതെന്ന് ദേശീയ നേതൃത്വം തീരുമാനിക്കും. ആര് മല്‍സരിച്ചാലും പാലക്കാട് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. 

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് സിപിഎമ്മിനെ പിന്തള്ളി ബി.ജെ.പിക്ക് രണ്ടാം സ്ഥാനത്തേക്കുയരാന്‍ ശോഭാ സുരേന്ദ്രനെ മല്‍സരിപ്പിച്ചതിലൂടെ കഴിഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ.ശ്രീധരന്‍ കാഴ്ചവച്ച മിന്നും പ്രകടനം ശോഭയിലൂടെ വിജയമാക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്. ഫലത്തില്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ബി.ജെ.പിയിലെ പ്രബലരുടെ കരുത്ത് തെളിയിക്കാനുള്ള അവസരമായി മാറിയേക്കും. 

ENGLISH SUMMARY:

BJP leadership clash over Palakkad by election candidate.