രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന മറ്റൊരു മുസ്‍ലിം വിരുദ്ധ നടപടിയാണിത്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്മേല്‍ സര്‍ക്കാര്‍ നടത്തുന്ന നഗ്നമായ കടന്നാക്രമണമാണിതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ ഭാഗമാണ് മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനുള്ള തീരുമാനം. കേരളത്തലടക്കം  ഭൂരിഭാഗം മദ്രസകളും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെയാണ്. മദ്രസകളില്‍ മതപഠനത്തോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസവും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. നാടിന്റെ ബഹുസ്വരതയും സൗഹൃദാന്തരീക്ഷവും തകര്‍ത്ത് ഏകശിലാക്രമത്തിലുള്ള രാജ്യം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

ENGLISH SUMMARY:

K.P.C.C. President K. Sudhakaran criticized the National Commission for Protection of Child Rights' recommendation to close madrasas, calling it an attack on religious freedom and a violation of constitutional rights. He argued that this move is part of the central government's anti-Muslim agenda and undermines the rights of minorities. Sudhakaran emphasized that most madrasas in Kerala operate without government funding and provide both religious and general education to children. He condemned the government's actions as attempts to create a monolithic nation, threatening the country's diversity and communal harmony.