പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ യുവനേതാവ് പി.സരിനെ ഒപ്പംകൂട്ടാനുള്ള സാധ്യത ശക്തമാക്കി സിപിഎം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു.  സരിന്‍ ഇടത് സ്ഥാനാര്‍ഥിയായാല്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കോണ്‍ഗ്രസിലെ കലഹം പുറത്തുവന്ന അനുകൂല സാഹചര്യം മുതലാക്കണമെന്നും അഭിപ്രായമുയര്‍ന്നു. സരിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ചശേഷം മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ ചര്‍ച്ച നടത്തും. സംസ്ഥാന നേതൃത്വവുമായി ജില്ലാനേതാക്കള്‍ പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യും. 

Read Also: സരിന്റെ പരസ്യപ്രസ്താവന; നേതൃത്വത്തിനു അമര്‍ഷം; അച്ചടക്കനടപടിയ്ക്കു സാധ്യത

സരിന് ഇടത് പിന്തുണ തള്ളാതെ എം.ബി.രാജേഷും രംഗത്തെത്തി. ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. രാഹുലിന്റെ സ്പോണ്‍സര്‍ ആരെന്ന് വ്യക്തമായെന്നും ഇത് വടകരയ്ക്കുള്ള ഉപകാരസ്മരണയെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. 

കൂട്ടായ ചര്‍ച്ചയിലൂടെയല്ല രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയച്ചതായും സരിന്‍ പാലക്കാട്ട് പറഞ്ഞു. പാലക്കാട് യു.ഡി.എഫ് തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് സരിന്‍ വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ ഷാഫി പറമ്പിലിനെയാണ് സരിന്‍ ഉന്നമിട്ടത്. ഒറ്റയാളുടെ താല്‍പര്യത്തിനുവേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്. ഞാന്‍ എവിടെനിന്നും ലെഫ്റ്റടിച്ചിട്ടില്ലെന്നും പറയാനുള്ളത് പറഞ്ഞേപോകൂവെന്നും സരിന്‍ കൂടിച്ചേര്‍ത്തു. 

പാര്‍ട്ടിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥിയല്ല. പാലക്കാട്ടെ പാര്‍ട്ടിക്കാരും ജനതയും ആഗ്രഹിച്ച തീരുമാനമാണെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. 

ENGLISH SUMMARY:

CPM strengthened the possibility of Sarin join party