pradeep-on-chelakkara

ചേലക്കരയിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പോരാട്ടത്തിന് സർവ സജ്ജമാണെന്ന് മുൻ എംഎൽഎ യു.ആർ പ്രദീപ്. വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗമായ പ്രദീപിനെ മൽസരിപ്പിക്കാനാണ് സിപിഎമ്മിൽ ധാരണയായിട്ടുള്ളത്. വികസനം ചർച്ചയാക്കുമെന്നും കെ.രാധാകൃഷ്ണന്റെ പ്രഭാവം തുണയ്ക്കുമെന്നും പ്രദീപ് മനോരമ ന്യൂസിനോട് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഡ് കുറഞ്ഞത് തിരിച്ചടിയാകില്ല. ചേലക്കര നിലനിർത്തിയാൽ വീണ്ടും മന്ത്രിസ്ഥാനം നൽകണോ എന്നതിൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും പ്രദീപ് പറഞ്ഞു.

രമ്യ ഹരിദാസാണ് ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ പരാജയപ്പെട്ടെങ്കിലും കെ രാധാകൃഷ്ണനുമായുള്ള വോട്ട് വ്യത്യാസം ചേലക്കര മണ്ഡലത്തിൽ 5000 വോട്ടിലേക്ക് ചുരുക്കിയതാണ് രമ്യയ്ക്ക് തുണയായത്.

അതേസമയം, ചേലക്കര ഉള്‍പ്പടെ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് എല്‍ഡിഎഫില്‍ നിന്ന് പുറത്തുവന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ തീരുമാനം. രാവിലെ പത്തുമണിക്ക് ചേലക്കര, പാലക്കാട്, വയനാട് എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ അറിയിച്ചു. ചേലക്കരയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ്‌ എന്‍.കെ. സുധീറിനെ സ്ഥാനാര്‍ഥിയാക്കുമെന്നും ഡിഎംകെയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്നും അന്‍വര്‍ പറഞ്ഞു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

All set for the fight, says U R Pradeep. The CPM has agreed to field Pradeep in Chelakkara bypoll.