എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പി.പി ദിവ്യയെ തള്ളി സിപിഎം. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. ജില്ലാകമ്മിറ്റി ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. 

അന്തരിച്ച നവീന്‍ ബാബുവിന് ജന്‍മനാട് ഇന്ന് വിട നല്‍കും. കലക്ട്രേറ്റിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി നവീന്‍റെ മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദര്‍ശനത്തിനും സംസ്കാരച്ചടങ്ങുകള്‍ക്കും ശേഷം മൂന്നുമണിയോടെയാകും സംസ്കാരം.

അതിനിടെ, കണ്ണൂര്‍ ചെങ്ങളായിയിലെ വിവാദ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനെ എതിര്‍ത്തത് പൊലീസെന്ന് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍ പമ്പിന് എഡിഎം നവീന്‍ ബാബു നല്‍കിയ എന്‍.ഒ.സിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. നിര്‍ദിഷ്ട സ്ഥലം വളവിലാണെന്നും അപകടസാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതോടെ അനുമതി നല്‍കിയത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണം ശക്തമാകുകയാണ്. 

ചെങ്ങളായി പെട്രോള്‍ പമ്പ് സംരംഭകന്‍ പ്രശാന്തനെതിരെ ഇമെയിലില്‍ ലഭിച്ച പരാതിയില്‍ പ്രാഥമിക പരിശോധന വിജിലന്‍സ് തുടങ്ങി. കൈക്കൂലി നൽകിയതിന് പ്രശാന്തനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. എഡിഎം കൈക്കൂലി വാങ്ങിയോ എന്നതും വിജിലന്‍സ് അന്വേഷിക്കും.

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നൊരു പരാതി കിട്ടിയിട്ടില്ലെന്ന്  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വ്യക്തമാക്കി. സംരംഭകന്‍ പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി വിജിലന്‍സിനും ലഭിച്ചിട്ടില്ല. മരണം നടന്ന്  രണ്ടുദിവസമായിട്ടും, നവീൻ ബാബുവിനെ പരസ്യമായി അപമാനിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യക്കെതിരെ ചെറുവിരൽ അനക്കാൻ പോലും പൊലീസ്  തയ്യാറായില്ല. കുടുംബം നേരിട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടും ആത്മഹത്യാ പ്രേരണ കുറ്റം  ദിവ്യക്കെതിരെ ചുമത്തിയിട്ടില്ല. അസ്വാഭാവിക മരണം എന്ന് മാത്രാണ് എഫ്.ഐ.ആര്‍. 

ENGLISH SUMMARY:

CPM rejected PP Divya's remarks on ADM Naveen Babu. It has to be ommitted says MV Govindan.