naveen-babu-death-pathanamthitta-cpm

എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്ന് പത്തനംതിട്ട സി.പി.എം. പത്തനംതിട്ട ജില്ലാകമ്മിറ്റി, കണ്ണൂര്‍ ജില്ലാകമ്മിറ്റി എന്നില്ല, പാര്‍ട്ടി ഒറ്റ ചട്ടക്കൂടാണ്. കണ്ണൂര്‍ ഘടകം വിഷയം ഗൗരവമായി എടുത്തത് കൊണ്ടാണ് ദിവ്യ രാജിവച്ചത്. ചിലര്‍ ബോധപൂര്‍വം ഭിന്നതയെന്ന് പ്രചരിപ്പിക്കുന്നുവെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.

അതേസമയം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആരോപണ വിധേയായ കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയ്ക്കെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. സംസ്ഥാന കമ്മിറ്റി ഇടപെടണമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആവശ്യവും, പാർട്ടി -പൊലീസ് നടപടികൾ തുടരുമെന്ന എ.കെ.ബാലന്‍റെ പ്രസ്താവനയും ദിവ്യയെ ഇനി സംരക്ഷിക്കാനില്ലന്നതിന്‍റെ വ്യക്തമായ സൂചനയാണ്.

ദിവ്യയുടെ പ്രസംഗം അഴിമതിക്കെതിരായുള്ള സദുദേശപരമായ വിമർശനമാണന്ന മുൻ നിലപാടിൽ നിന്ന് സിപിഎം ജില്ലാ നേതൃത്വം പിന്തിരിയാൻ കാരണങ്ങൾ പലതാണ്. അതിലൊന്ന് പെട്രോൾ പമ്പ് അനുമതിയുടെ നടപടി ക്രമങ്ങൾ പരിശോധിച്ചാൽ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു സാധ്യതയും കാണുന്നില്ല. മാത്രമല്ല കൈക്കൂലി വാങ്ങിയതിന്‍റെ ഒരു തെളിവും പുറത്തും വന്നിട്ടില്ലെന്നതാണ്. രണ്ടാമത്തെ കാരണം പ്രശാന്തന്‍റെ പരാതിയിൽ തന്നെ സംശയം ഉയരുന്നുണ്ട് എന്നതാണ്. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതി മുഖ്യ മന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടില്ല. മാത്രമല്ല ദിവ്യയ്ക്ക് പെട്രോൾ പമ്പിന്‍റെ കാര്യത്തിൽ വ്യക്തഗത താൽപര്യം ഉണ്ടോയെന്ന സംശയം ഉയർന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ്  ദിവ്യയെ പാർട്ടി  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാൽ അതുകൊണ്ട് മാത്രം നടപടി അവസാനിപ്പിക്കരുതെന്നാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാട്. ആ നിലപാടിനെ ശരിവയ്ക്കുന്നതായിരുന്നു മന്ത്രി എം.ബി.രാജേഷിന്‍റെയും  എ.കെ.ബാലന്‍റെയും പ്രതികരണങ്ങൾ. ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് പാർട്ടി നീങ്ങുമോയെന്നതാണ് ഇനി ഉയരുന്ന ചോദ്യം. ദിവ്യയുടെ പ്രസംഗത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് തെളിഞ്ഞാൽ കടുത്ത നടപടിക്ക് ജില്ലാ നേതൃത്വം നിർബന്ധിതരാകും.

Google News Logo Follow Us on Google News

ENGLISH SUMMARY: