ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ഡോ. പി.സരിനും ചേലക്കരയില്‍ യു.ആര്‍.പ്രദീപും ഇടത് സ്ഥാനാര്‍ഥികള്‍. ഇരുവരുടേയും സ്ഥാനാര്‍ഥിത്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സരിന്‍ ഇടത് സ്വതന്ത്രനായിട്ടായിരിക്കും മല്‍സരിക്കുക. ഇടത് സ്വതന്ത്രന്‍മാര്‍ എല്ലാകാലത്തും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും ഇടതിന്‍റെ രൂക്ഷവിമര്‍ശകര്‍പോലും ഇടതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.കരുണാകരന്‍, എ.കെ.ആന്‍റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ഉദാഹരണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫിലെ പാളയത്തില്‍ പട അനുകൂല ഘടകമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പാലക്കാട്ട് ഡീലുണ്ടാക്കിയ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഇടതുമുന്നണി വിജയിക്കുമെന്നും സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ നിലപാട് അനുസരിച്ചാണ് ആളുകളെ ഉള്‍ക്കൊള്ളുകയും പുറന്തള്ളുകയും ചെയ്യുന്നത്. ആളുകള്‍ കാലു മാറുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടത് വി.ഡി.സതീശനും കെ.സുധാകരനുമാണ്. പാലക്കാടും ചേലക്കരയിലും കോണ്‍ഗ്രസിന്റെ രണ്ട് നേതാക്കളാണ് കോണ്‍ഗ്രസിന് എതിരായി മത്സരിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സരിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് നേരത്തെ തന്നെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയിരുന്നു. അനുകൂല സാഹചര്യം മുതലെടുക്കണമെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തണമെന്നുമായിരുന്നു യോഗം വിലയിരുത്തിയത്. അതേസമയം, ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനത്തിന് പിന്നാലെ സരിന്‍ പാര്‍ട്ടി ഓഫീസിലെത്തിയിരുന്നു. ത്രിവര്‍ണം മാറി ചുവപ്പ് ഷാള്‍ കഴുത്തിലണിയുമ്പോള്‍ വലിയ ലക്ഷ്യങ്ങളുണ്ടെന്നും ഉപതിരഞ്ഞെടുപ്പ് 2026 ലേക്കുള്ള സെമി ഫൈനലല്ല, ഫൈനലെന്നും സരിന്‍ പറഞ്ഞു.
മൂന്നാം വട്ടവും പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കേരളത്തിൽ അധികാരം സാധ്യമാണ്. അതിന്‍റെ തുടക്കമാവും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലെ വിജയം. ഇതുവരെ കോൺഗ്രസിലെ ഇടതുപക്ഷക്കാരനായിരുന്നു, ഇനി സിപിഎമ്മിലെ കോൺഗ്രസുകാരനാവും. പിണറായി വിജയനെ താൻ വിമർശിച്ചത് ശരിയാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സരിന്‍ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.