shafi-parambil

പാലക്കാട്ട് കൃത്യമായ ഡീല്‍ ഉണ്ടെന്നും അത് ജനങ്ങളുമായി ആണെന്നും ഷാഫി പറമ്പില്‍ എംപി. പൂരം കലക്കലില്‍ നടന്നതുപോലെ ഒരു അടച്ചിട്ട ചര്‍ച്ചയ്ക്കും ഞങ്ങളില്ല. നല്ലൊരു സ്ഥാനാര്‍ഥിയെ കിട്ടി. ആ സ്ഥാനാര്‍ഥിയുമായി മുന്നോട്ടുപോകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട്ടെ മുതിര്‍ന്ന നേതാവ് വി.എസ്.വിജയരാഘവന്റെ വീട്ടില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം എത്തിയതായിരുന്നു ഷാഫി. സരിന്റെ പെട്ടിതൂക്കല്‍ ആരോപണം ചിരിച്ചുതള്ളിയ ഷാഫി കുറച്ചുകൂടി ഗൗരവം ഉള്ള ആരോപണങ്ങള്‍ വരട്ടെയെന്നും പറഞ്ഞു. 

Read Also: പാലക്കാട് സിപിഎം–ബിജെപി ഡീല്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് സിപിഎം –ബിജെപി ഡീലുള്ളതുകൊണ്ടാണ് ഇരുവരുടെയും സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതെന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് തന്നത് അര്‍ഹിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമാണ്. വലിയ വിജയ പ്രതീക്ഷയും കൃത്യമായ ആത്മവിശ്വാസവും ഉണ്ട്. 2021ലെ അത്ര കഠിനമല്ല ഇക്കുറി മല്‍സരം. ഡോ. പി. സരിനുള്ള മറുപടി അദ്ദേഹത്തിന്‍റെ തന്നെ എഫ്ബി പോസ്റ്റെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മനോരമ ന്യൂസിനോടു പറഞ്ഞു. 

 

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് ഉജ്ജ്വല സ്വീകരണമാണ് യുഡിഎഫ് ഒരുക്കിയത്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ  ചെമ്പൈ സംഗീത കോളജിൽ നിന്ന് ആരംഭിച്ച റോഡ് ഷോ സ്റ്റേഡിയം മൈതാനത്ത് സമാപിച്ചു. ഒരു അവസരം തന്നാൽ പാലക്കാട്ടുകാർക്ക് തല കുമ്പിട്ട് ഇരിക്കാൻ അവസരം ഉണ്ടാക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 

വടകരയിലെ ഷാഫി പറമ്പിലിനെ വരവിനെ അനുസ്മരിക്കും വിധമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് എൻട്രി

പാലക്കാട്ടെ പോരാട്ട ചൂടിന്റെ പ്രതിഫലനമായിരുന്നു റോഡ് ഷോ, വിജയത്തിൽ കുറഞ്ഞൊന്നും യു ഡി എഫ് പാലക്കാട് പ്രതീക്ഷിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന റോഡ് ഷോ

ENGLISH SUMMARY:

Got a good candidate; Deal with people only: Shafi