അനിശ്ചിതത്വത്തിനൊടുവില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ നവ്യ ഹരിദാസ് മല്‍സരിക്കും. പാലക്കാട്ട് സി.കൃഷ്ണകുമാറും ചേലക്കരയില്‍ കെ.ബാലകൃഷ്ണനുമാണ് സ്ഥാനാര്‍ഥികള്‍

പേരുകള്‍ പലതു പറഞ്ഞുകേട്ടെങ്കിലും പ്രാദേശിക സ്വാധീനം പരിഗണിച്ചുള്ള സ്ഥാനാര്‍ഥിപ്പട്ടികയാണ് ബി.ജെ.പി ദേശീയനേതൃത്വം പുറത്തുവിട്ടത്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മല്‍സരിക്കുന്ന നവ്യ ഹരിദാസ് തുടര്‍ച്ചയായി രണ്ടുതവണ കോഴിക്കോട് നഗരസഭാംഗമാണ്. മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി കൂടിയായ നവ്യ 2021 ല്‍ കോഴിക്കോട് സൗത്തില്‍നിന്ന് നിയമസഭയിലേക്കും മല്‍സരിച്ചിരുന്നു. അപ്രതീക്ഷിതമാണ് സ്ഥാനാര്‍ഥിത്വമെന്ന് നവ്യ പ്രതികരിച്ചു

ബി.ജെ.പി വിജയസാധ്യക കല്‍പിക്കുന്ന പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെ പേര് സജീവമായി കേട്ടെങ്കിലും ജില്ലക്കാരനെന്ന പരിഗണന സി.കൃഷ്ണകുമാറിന് അനുകൂല ഘടകമായി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാര്‍ പാലക്കാട് നഗരസഭ അധ്യക്ഷനായിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും പാലക്കാട്ടുനിന്ന് മല്‍സരിച്ചിട്ടുണ്ട്.

തിരുവില്വാമല പഞ്ചായത്ത് അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ കെ.ബാലകൃഷ്ണന് പ്രാദേശിക ബന്ധങ്ങള്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. 

മൂന്നുമുന്നണികള്‍ക്കും സ്ഥാനാര്‍ഥികളായതോടെ മണ്ഡലങ്ങളില്‍ ഇനി പ്രചാരണം കൊഴുക്കും

ENGLISH SUMMARY:

BJP announce candidates