പി.വി.അന്‍വര്‍ ജനാധിപത്യചേരിയില്‍ നില്‍ക്കണമെന്നും അങ്ങനെയെങ്കില്‍ ഭാവി രാഷ്ട്രീയം അദ്ദേഹത്തിന് ഭദ്രമാക്കാമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അല്‍പം രൂക്ഷമായ ഭാഷയിലായിരുന്നു അന്‍വറിനെതിരെ സംസാരിച്ചത്. പി.വി.അന്‍വര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും  സൗകര്യമുണ്ടെങ്കില്‍ പിന്തുണച്ചാല്‍ മതിയെന്നും സതീശന്‍ തുറന്നടിച്ചു. രമ്യയെ പിന്‍വലിക്കണം എന്ന തരത്തിലുള്ള ഉപാധി വലിയ തമാശയെന്നും സതീശന്‍ പരിഹസിച്ചു.  

Read Also: അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍ മതി: സതീശന്‍

പി.വി.അന്‍വര്‍ യു.ഡ‍ി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന് മുസ്‌‌ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. വര്‍ഗീയചേരിയെ തോല്‍പിക്കുന്ന കാര്യത്തില്‍ അന്‍വറിനും സമാനനിലപാടാണെന്നും അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നുവെന്നും പി.എം.എ.സലാം പറഞ്ഞു.  രമ്യയെ പിന്‍വലിക്കണമെന്ന ആവശ്യം ലീഗും തള്ളി

പി.വി.അന്‍വറിന്റെ ഡിമാന്റുകളൊന്നും യുഡിഎഫ് അംഗീകരിക്കാന്‍ പോകുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. യുഡിഎഫിന് ജയിക്കാന്‍ അന്‍വറിന്റെ പിന്തുണയൊന്നും വേണ്ട. ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. അന്‍വര്‍ വഴിമുടക്കിയാകരുതെന്നെ വിചാരിച്ചുള്ളൂ. വോട്ട് വിഘടിച്ചുപോകരുതെന്നാണ് ഉദ്ദേശ്യമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ മനോരമന്യൂസിനോട് പറഞ്ഞു.

അതേസമയം, പി.വി.അന്‍വറിന് പാലക്കാടും ചേലക്കരയും സ്വാധീനമില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. അന്‍വറിനുവേണ്ടി യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ല. അന്‍വറിന് സ്വാധീനമുള്ള വയനാട്ടില്‍ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ENGLISH SUMMARY:

Future politics can be secured if Anwar supports: K. Sudhakaran