നാമനിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്കാ ഗാന്ധി ഇന്നു വയനാട്ടിലെത്തും. നാളെ കൽപ്പറ്റയിലെ റോഡ് ഷോയ്ക്ക് ശേഷം പത്രിക സമർപ്പിക്കും. പ്രിയങ്കയുടെ അരങ്ങേറ്റം ഗംഭീരമാക്കാൻ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമെ മല്ലികർജുൻ ഖർഗെയും കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വയനാട്ടിലെത്തും.

ആദ്യമായാണ് സോണിയ ഗാന്ധി വയനാട്ടിലെത്തുന്നത്. പ്രിയങ്കാ ഗാന്ധിയുടെ അരങ്ങേറ്റ മൽസരത്തിന് ഭാവുകങ്ങൾ നേരലാണ് ലക്ഷ്യം. പ്രിയങ്കക്കും രാഹുലിനുമൊപ്പം സോണിയ ഇന്ന് വൈകീട്ടോടെ ജില്ലയിലെത്തും. 

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്, കൽ പ്പറ്റയിൽ നടക്കുന്ന റോഡ് ഷോക്ക് എ ഐ സി സി അധ്യക്ഷൻ മല്ലികർജുൻ ഖർഗെ അടക്കം നേതാക്കളുടെ ഒരു പട തന്നെ വയനാട്ടിലെത്തുന്നുണ്ട്. അരങ്ങേറ്റം ഗംഭീരമാക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു, കർണാടക ഉപ മുഖ്യമന്ത്രി ഡി. കെ ശിവകുമാർ തുടങ്ങിയവരും വയനാട്ടിലെത്തും 

രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ നിന്ന് ആരംഭിച്ചു കലക്ടറേറ്റിൽ സമാപിക്കും വിധമാണ് റോഡ് ഷോ. പിന്നാലെ 12 മണിയോടെ നാമ നിർദേശ പത്രിക സമർപ്പിക്കും.

ENGLISH SUMMARY:

Priyanka Gandhi will come to Wayanad today to submit her nomination papers