ആദ്യമായാണ് പ്രിയങ്ക ​ഗാന്ധി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. കോൺ​ഗ്രസ് ജനറൽ സെക്രട്ടറിക്ക് മനസറിഞ്ഞുള്ള സ്വീകരണം വയനാട് നൽകി കഴിഞ്ഞു. ബുധനാഴ്ച സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ പ്രിയങ്ക ​ഗാന്ധി സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ആകെ 12 കോടി രൂപയുടെ ആസ്തിയാണ് പ്രിയങ്ക ​ഗാന്ധിക്കുള്ളത്. എന്നാൽ 65 കോടി രൂപയുടേതാണ് റോബർട്ട് വദ്രയുടെ ആസ്തി.

നിക്ഷേപം മ്യൂച്വൽ ഫണ്ടിൽ 

പ്രിയങ്ക ഗാന്ധിയുടെ കയ്യിലുള്ളത് 52,000 രൂപ മാത്രമാണ്. രണ്ട് സേവിങ്സ് അക്കൗണ്ടുകളിലായി 361,352 രൂപയു പ്രിയങ്ക ഗാന്ധിക്കുണ്ട്. വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ബാങ്ക് അക്കൗണ്ടിൽ 5,929 രൂപയുണ്ട്. മ്യൂച്വൽ ഫണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ പ്രധാന നിക്ഷേപം. ഫ്രാങ്ക്ലിൻ ഫ്ലെക്സി കാപ് ഫണ്ടിൻറെ ഗ്രോത്ത് പ്ലാനിൻറെ 13,200 യൂണിറ്റുകളാണ് പ്രിയങ്ക ഗാന്ധിയുടെ കയ്യിലുള്ളത്. 2,24,93,988 രൂപയാണ് ഇതിന്റെ വിപണി മൂല്യം. 

പിപിഎഫ് അക്കൗണ്ടിൽ 17,38,365 രൂപയാണ് പ്രിയങ്കയുടെ പേരിലുള്ളത്. വായ്പകളൊന്നും തന്നെയില്ല. 2004 മോഡൽ ഹോണ്ട സിവിആർ കാർ സ്വന്തമായുണ്ട്. 8 ലക്ഷം രൂപ വില മതിക്കുന്ന വാഹനം ഭർത്താവ് റോബർട്ട് വദ്ര സമ്മാനമായി നൽകിയതാണ്. 1,15,79,065 രൂപ വില മതിക്കുന്ന സ്വർണാഭരണങ്ങളും 29,55,581 രൂപയുടെ വെള്ളിയും പക്കിലുണ്ട്. 

ഫ്ലാറ്റ് ഉടമയ്ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയ 3.20 ലക്ഷം രൂപയും 21,72,508 രൂപയുടെ വീട്ടുപകരണങ്ങളും അടക്കം 4,24,78,689 രൂപയാണ് പ്രിയങ്ക ഗാന്ധിയുടെ ആകെ സമ്പാദ്യം. 7,74,12,598 രൂപയുടെ ഭൂസ്വത്തും ചേർത്ത് 119,893,296 രൂപയുടേതാണ് പ്രിയങ്കയുടെ ആസ്തി. ലീസ് സെക്യൂരിറ്റി ഡെപ്പോസിറ്റ് വകയിൽ 1575000 രൂപയുടെ ബാധ്യതയുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ 46,39,100 രൂപയാണ് പ്രിയങ്ക ​ഗാന്ധി ആദായ നികുതി വകുപ്പ് മുൻപാകെ കാണിച്ച വരുമാനം. 

സമ്പന്നൻ വദ്ര

ഭർത്താവ് റോബർട്ട് വദ്രയാണ് സമ്പന്നതയിൽ മുന്നിൽ. 2,18,084 രൂപ കയ്യിലുണ്ട്. ഓഹരി, മ്യൂച്വൽ ഫണ്ട്, സ്ഥിര നിക്ഷേപങ്ങളടക്കം 37,91,47,432 രൂപയുടേതാണ് സമ്പാദ്യം. ഇൻഫോസിസ്, ഇർകോൺ ഇൻറർനാഷണൽ, നാഷണൽ അലൂമിനിയം. ടാറ്റ പവർ, സ്പൈസ് ജെറ്റ്, ആർവിഎൻഎൽ, പിസി ജുവല്ലർ, ടിവി 18 ബ്രോഡ്കാസ്റ്റ് തുടങ്ങിയ ഓഹരികൾ പക്കലുണ്ട്.

ആക്സിസ് ഗ്രോത്ത് ഓപ്പർച്യൂനിറ്റ് ഫണ്ട്, ആക്സിസ് ബ്ലൂചിപ്പ് ഫണ്ട്, എച്ച്ഡിഎഫ്സി സ്മോൾകാപ് ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ ഇന്ത്യ ഓപ്പർച്യൂണിറ്റി ഫണ്ട് എന്നിവയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ. മിനി കൂപ്പർ, ടോയോട്ട ലാൻഡ് ക്യൂയിസർ, തുടങ്ങിയവ വാഹനങ്ങൾ കയ്യിലുണ്ട്. 276,429,633 രൂപയുടെ ഭൂസ്വത്ത് അടക്കം 655,577,065 രൂപയുടെ ആസ്തി വദ്രയ്ക്കുണ്ട്. 

ENGLISH SUMMARY:

Priyanka Gandhi has Rs 52000 in hand and total asset worth Rs 12 crore.