‌‌‌ജില്ലാ സെക്രട്ടറിയുമായി കലഹിച്ച് സിപിഎം വിടാനൊരുങ്ങിയ പാലക്കാട് എരിയാ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ എല്‍.ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. അബ്ദുല്‍  ഷുക്കൂറിനെ ചേര്‍ത്തുപിടിച്ച് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചു. ഷുക്കൂര്‍ പാര്‍ട്ടിവിട്ടു എന്ന് പറഞ്ഞവര്‍ ലജ്ജിച്ചു തല താഴ്ത്തണമെന്നും സി.പി.എമ്മില്‍ പൊട്ടിത്തെറി എന്ന് കൊടുത്തവര്‍ എവിടെപ്പോയെന്നും കൃഷ്ണദാസ് ചോദിച്ചു. ഇറച്ചിക്കടകള്‍ക്ക് പിന്നില്‍ പട്ടികള്‍ കാവല്‍നിന്ന പോലെ മാധ്യമങ്ങള്‍ നിന്നു. ഷുക്കൂറിനെ കരയിപ്പിച്ചത് പാര്‍ട്ടിയല്ല, മാധ്യമങ്ങളെന്നും കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഷുക്കൂറിനെനേതാക്കള്‍ അനുവദിച്ചില്ല. 

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് ഷൂക്കൂർ പാർട്ടി വിടുകയാണെന്ന തീരുമാനം അറിയിച്ചത്. പാർട്ടിയിൽ വിവിധ ചുമതലകള്‍  വഹിച്ച ഷുക്കൂര്‍ പി സരിന്‍റെ പ്രചാരണത്തിൽ സജീവമല്ലെന്നായിരുന്നു സുരേഷ് ബാബുവിന്‍റെ ആക്ഷേപം. ഇതേത്തുടർന്ന് അബ്ദുൾ ഷുക്കൂർ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. 

ഷുക്കൂര്‍ പാര്‍ട്ടിവിടുമെന്ന ഘട്ടത്തില്‍ എൻഎൻ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഷൂക്കുറിന് പാര്‍ട്ടി വിട്ടുപോകാനാകില്ലെന്ന് അതിനുശേഷം നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. ഷുക്കൂര്‍   നിലപാട് പറഞ്ഞ ശേഷം കോണ്‍ഗ്രസ് തീരുമാനമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി ദേശീയ കൗൺസിൽ അംഗം ശിവരാജനും ഷൂക്കൂറിന്‍റെ വീട്ടിലെത്തിയിരുന്നു.

ENGLISH SUMMARY:

CPM state committee member N. N. Krishnadas exploded with the media, grabbing hold of area committee member Abdul Shukkoor, who announced he would leave the party. In the meantime, Abdul Shukkoor, who stated he left the CPM, attended the LDF convention.