വിമത ശബ്ദം ഉയർത്തിയതിനെത്തുടർന്ന് കോൺഗ്രസിൽ നിന്നും പുറത്താക്കിയ മുൻ യൂത്ത് കോൺഗ്രസ് നേതാവ് എ.കെ.ഷാനിബ് പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി പി.സരിനെ പിന്തുണയ്ക്കും. സരിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മൽസര രംഗത്ത് നിന്നും പിന്മാറുന്നതായും സരിന് വേണ്ടി വോട്ട് തേടുമെന്നും ഷാനിബ് അറിയിച്ചു. കോൺഗ്രസിലെ ശരികേടുകളെക്കുറിച്ച് താൻ പറഞ്ഞ നിലപാടിനോട് ഷാനിബ് യോജിച്ചതിൽ സന്തോഷമുണ്ടെന്നും ഇനിയും നിരവധി കോൺഗ്രസ് പ്രവർത്തകർ തന്റെ പിന്നിൽ അണിനിരക്കുമെന്ന് സരിനും പറഞ്ഞു.
ഉച്ചയോടെ പാലക്കാട് ആര്‍.ഡി.ഒയ്ക്ക് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നായിരുന്നു ഷാനിബ് അറിയിച്ചിരുന്നത്. എന്നാല്‍ ആര്‍.ഡി.ഒ ഓഫിസ് പരിസരത്ത് ഷാനിബ് എത്തിയെങ്കിലും സരിനെ കണ്ടിട്ട് മാത്രം തീരുമാനമെന്നായി പ്രഖ്യാപനം. പിന്നാലെ സ്വകാര്യ ഹോട്ടലില്‍ സരിനും ഷാനിബുമായി കൂടിക്കാഴ്ച. ഷാനിബ് തനിക്കൊപ്പമെന്ന് സരിന്‍.
പ്രതിപക്ഷ നേതാവിന്റെ നിലപാടുകളെ വീണ്ടും വിമര്‍ശിച്ച് മല്‍സരത്തിനില്ലെന്നും സരിനൊപ്പം പ്രചരണത്തിനുണ്ടാവുമെന്നും ഷാനിബ്. ഷാനിബിനെ കൂടെ നിര്‍ത്തിയാല്‍ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ അനുകൂലമാക്കാമെന്ന എല്‍.ഡി.എഫ് കണക്കുകൂട്ടല്‍ വിജയിച്ചതോടെ ഷാനിബ് സമാഹരിക്കുന്ന യു.ഡി.എഫിലെ വോട്ടിനെക്കുറിച്ചാണ് നിലവിലെ ചര്‍ച്ച.