കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് രംഗത്തെത്തി. കോഴ ആരോപണത്തിന് പിന്നില്‍ ആന്‍റണി രാജുവാണെന്ന് തോമസ് കെ.തോമസ് ആരോപിച്ചു. മന്ത്രിയാകുമെന്ന് ഉറപ്പായപ്പോഴാണ് ആരോപണം വന്നത്. ഇതില്‍ അന്വേഷണം വേണം. ഇന്ന് മൂന്നു മണിക്ക് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും തോമസ്.കെ.തോമസ് പറഞ്ഞു. Also Read: കേരളത്തിലും കൂറുമാറ്റനീക്കം? രണ്ട് എംഎല്‍എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം
കൂറുമാറാൻ കോടികൾ ആരും വാഗ്ദാനം ചെയ്തിട്ടില്ലെന്നും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ പറഞ്ഞു. വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് പുറത്തുവന്നത്. സമഗ്രമായ അന്വേഷണം വേണം. ഈ മാസം രണ്ടിന് കൊട്ടാരക്കരയിൽ വച്ച് മുഖ്യമന്ത്രി ഇക്കാര്യം ചോദിച്ചിരുന്നു. ആക്ഷേപം വാസ്തവവിരുദ്ധമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്നും കോവൂര്‍ കുഞ്ഞുമോന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, ആന്‍റണി രാജുവിനെതിരെ ഒളിയമ്പുമായി കെ.ബി.ഗണേഷ് കുമാര്‍ രംഗത്തെത്തി . പണം വാഗ്ദാനം ചെയ്തവര്‍ എന്തുകൊണ്ട് തന്നെ സമീപിച്ചില്ല. തന്നെ വിലയ്ക്കുവാങ്ങാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. തോമസ് കെ.തോമസ് കോഴ വാഗ്ദാനം ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ഗണേഷ്കുമാര്‍ പ്രതികരിച്ചു. തോമസ്.കെ.തോമസിനെ അവിശ്വസിക്കുന്നില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. തന്‍റെ മുന്‍പില്‍ ഉള്ളത് പുറത്തുവന്ന വാര്‍ത്ത മാത്രം. സത്യം അറിയില്ലെന്നും എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു
കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്നാണ് ആക്ഷേപം.. ഇക്കാര്യമറിഞ്ഞാണ് തോമസ് കെ.തോമസിന്‍റെ മന്ത്രിയാക്കാനുള്ള എന്‍സിപി തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതെന്ന് മലയാളമനോരമ റിപ്പോര്‍ട്ട് ചെയ്തു. ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്‍റണി രാജു, ആര്‍എസ്പി ലെനിനിസ്റ്റ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ പണം വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ ഘടകകക്ഷിയാണ് എന്‍സിപി അജിത് പവാര്‍ വിഭാഗം.
ജൂണ്‍ 10ന് ആരംഭിച്ച നിയമസഭാസമ്മേളന കാലയളവിലാണ് കോഴവാഗ്ദാനമുണ്ടായത്. നിയമസഭയില്‍ വച്ച് തോമസ് കെ.തോമസ് ഈ എംഎല്‍എമാരെ സ്വകാര്യമായി വിളിച്ച് അജിത് പവാര്‍ വിഭാഗത്തിന്‍റെ വാഗ്ദാനം അറിയിച്ചു. 250 കോടി രൂപയുമായി കേരളം കണ്ണുവച്ച് അജിത് പവാര്‍ രംഗത്തുണ്ടെന്നും ആ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ 50 കോടി വീതം കിട്ടുമെന്നുമായിരുന്നു ഉറപ്പുനല്‍കിയത്. മന്ത്രിയാക്കണമെന്ന തോമസ് കെ.തോമസിന്‍റെ ആവശ്യത്തോട് എന്‍സിപി (ശരദ് പവാര്‍) നേതൃത്വം അനുകൂലനിലപാടെടുക്കാതെ നിന്ന ഘട്ടമായിരുന്നു ഇത്. വിവരമറിഞ്ഞ മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ് മുഖ്യമന്ത്രി കത്തുനല്‍കിയെങ്കിലും എംഎല്‍എമാരുമായി സംസാരിച്ചശേഷം മന്ത്രിമാറ്റം വേണ്ടെന്ന് പിണറായി തീരുമാനിക്കുകയായിരുന്നു.