മാധ്യമങ്ങള്‍ക്ക് നേരെ ക്ഷുഭിതനായി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ശക്തമായ വിമര്‍ശനത്തിന് നല്ല ഭാഷ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കൃഷ്ണദാസിനെ പ്രകോപിപ്പിച്ചത് മാധ്യമങ്ങളാണെന്നായിരുന്നു എ.കെ ബാലന്‍റെ പ്രതികരണം. നിരന്തരമായി മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ കുറ്റം പറയുന്നുവെന്നും അതില്‍ പ്രകോപിതനായാണ് കൃഷ്ണദാസ് പ്രതികരിച്ചതെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പാലക്കാട്ട് പാര്‍ട്ടിവിടുമെന്ന് പ്രഖ്യാപിച്ച ഏരിയകമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറിനൊപ്പം എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ വേദിയിലെത്തിയപ്പോഴായിരുന്നു കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇറച്ചിക്കടകള്‍ക്ക് മുന്നില്‍ പട്ടികള്‍ കാവല്‍നിന്ന പോലെ മാധ്യമങ്ങള്‍ നിന്നെന്നായിരുന്നു പരാമര്‍ശം.

അധിക്ഷേപ പരാമര്‍ശത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായി കൃഷ്ണദാസ് പിന്നീടും ആവര്‍ത്തിച്ചു. പത്രപ്രവര്‍ത്തക യൂണിയനോട് പരമപുച്ഛമാണെന്നും 'പട്ടികള്‍' എന്ന പ്രയോഗം വളരെ ആലോചിച്ചാണ് താന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൊതിമൂത്ത നാവുമായി നില്‍ക്കുന്നവരെയാണ് താന്‍ വിമര്‍ശിച്ചത്. പ്രതിഷേധം മടക്കി പോക്കറ്റില്‍ വച്ചോളൂവെന്നും ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

CPM state secretary M.V. Govindan rejects NN Krishnadas's abusive remarks on media, emphasizing that strong criticism should use respectful language. Meanwhile, AK Balan supported Krishnadas.