കൂറുമാറ്റക്കോഴ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍സിപിക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയെന്ന് സൂചന. കാണാനെത്തിയ പി.സി ചാക്കോയോടും എ.കെ ശശീന്ദ്രനോടും മുഖ്യമന്ത്രി ഒന്നിലേറത്തവണ ഇക്കാര്യം സൂചിപ്പിച്ചുവെന്നും മുന്നറിയിപ്പ് കാര്യമായെടുക്കാതിരുന്നതില്‍ മുഖ്യമന്ത്രി കടുത്ത നീരസം പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍. അതേസമയം, കോഴയാരോപണത്തില്‍ പ്രതികൂട്ടിലായെങ്കിലും മന്ത്രിസ്ഥാനം വീണ്ടും ആവശ്യപ്പെടാന്‍ തോമസ് കെ.തോമസിന്‍റെ നീക്കം. ആന്‍റണി രാജുവിന്‍റെ ഗൂഢാലോചനയ്ക്ക് വഴങ്ങാന്‍ തയാറല്ലന്ന് തോമസ് കെ.തോമസ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തോമസിനെ മന്ത്രിയാക്കുന്നത് മുഖ്യമന്ത്രി എതിര്‍ത്താല്‍ ശശീന്ദ്രനെ ആ നിമിഷം രാജിവയ്പ്പിക്കണമെന്ന നിലപാടിലേക്ക് നീങ്ങുകയാണ് എന്‍സിപി കേരളഘടകം. എന്നാൽ ഇതിനെ എതിർത്ത് ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും രംഗത്തെത്തി. രണ്ട് എംഎൽഎമാരിൽ ഒരാൾക്ക് മന്ത്രിസ്ഥാനം ഉണ്ടായേ പറ്റൂവെന്ന് ജില്ലാ പ്രസിഡന്റുമാര്‍ പറഞ്ഞു.
അജിത് പവാറിന്‍റെ എന്‍സിപിയിലേക്ക് കൂറുമാറാന്‍ ആന്‍റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ.തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്ന ആക്ഷേപം നഷ്ടമാക്കിയിരിക്കുന്നത് തോമസ് കെ. തോമസിന് ലഭിക്കാനിടയുള്ള മന്ത്രിസ്ഥാനമാണ്. ഇത്തരത്തില്‍ ആക്ഷേപമുള്ളയാളെ മന്ത്രിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി തീര്‍ത്തു പറഞ്ഞു കഴിഞ്ഞു. എന്നാല്‍ ഇതെല്ലാം ആസൂത്രിത ഗൂഢാലോചനയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തോമസ് കെ തോമസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും.
ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മുന്നണി കണ്‍വീനര്‍ക്കും തോമസ് കെ. തോമസ് കത്ത് നല്‍കും. എന്‍സിപിയുടെ മന്ത്രിയെ നിശ്ചയിക്കുന്നത് പാര്‍ട്ടിയാണെന്നും മുഖ്യമന്ത്രിയല്ലെന്നുമാണ് നേതൃത്വത്തിന്‍റെ നിലപാട്. മന്ത്രിസ്ഥാനം നിഷേധിച്ചാല്‍ തോമസ് കെ. തോമസ് എല്‍ഡിഎഫ് വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ കുട്ടനാട് സീറ്റ് സ്വന്തമാക്കാമെന്ന് ആന്‍റണി രാജുവിന്‍റെ പാര്‍ട്ടി കരുതുന്നുവെന്നാണ് തോമസ് കെ. തോമസിന്‍റെ ആരോപണം.