പാലക്കാട് തന്നെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പഴയതാണെന്നും ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്നും കെ. മുരളീധരന്‍. ഇപ്പോള്‍ കത്ത് എങ്ങനെ പുറത്തുവന്നുവെന്ന് തനിക്കറിയില്ല. അന്ന് തന്നെ തന്‍റെ മൊബൈലില്‍ നിന്നും ഈ കത്ത് താന്‍ ഡിലീറ്റ് ചെയ്തിരുന്നുവെന്നും മുരളീധരന്‍ വെളിപ്പെടുത്തി. നേതൃത്വമെടുത്ത തീരുമാനത്തിനപ്പുറം ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഉപതിരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ മല്‍സരിപ്പിക്കണമെന്ന ഡി.സി.സിയുടെ കത്ത് പുറത്തുവന്നത് . സീറ്റ് നിലനിര്‍ത്താന്‍ യോഗ്യന്‍ മുരളിയെന്നാണ് കത്തിന്റെ ഉള്ളടക്കം. ഡി.സി.സി ദേശീയനേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവന്നത്. പാലക്കാട് സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ കെ. മുരളീധരന്റെ പേരും ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും മുരളിക്കായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാല്‍ പാലക്കാട്ടെ സ്ഥാനാര്‍ഥികളായി ഒട്ടേറെപ്പേരെ പരിഗണിച്ച് കത്തയച്ചിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. വി.ടി.ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ പേരുകളും നിര്‍ദേശിച്ചിട്ടുണ്ട്. മുരളീധരന്റെ പേരുമാത്രം പരാമര്‍ശിക്കുന്ന കത്തില്‍ തന്‍റെ ഒപ്പില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കലഹമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും ഡിസിസി പ്രസിഡന്റ് വിശദീകരിച്ചിരുന്നു.