പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി വിഷയത്തില്‍ ഡി.സി.സി നല്‍കിയ കത്ത് പുറത്തുവന്നതില്‍ അന്വേഷണം നടത്തുമെന്നു കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. വിഷയം ഗൗരവമായെടുത്ത് അതിനനുസരിച്ചുള്ള നടപടിയുണ്ടാകും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പ് പല അഭിപ്രായങ്ങളും ഉയര്‍ന്നു വരുമെന്നും അന്തിമ തീരുമാനം വന്നാല്‍ ഒറ്റക്കെട്ടായി അനുസരിക്കുകയാണ് കോണ്‍ഗ്രസ് സംസ്കാരമെന്നും കെ.പി.സി.സി പ്രസിഡന്‍റ്. സ്ഥാനാര്‍ഥിയായി കെ.മുരളീധരനെ നിര്‍ദേശിച്ചുള്ള പാലക്കാട് ഡി.സി.സിയുടെ കത്തു പുറത്തു വന്നതിലാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രസ്താവനയിലൂടെയുള്ള പ്രതികരണം.

Read Also: അത് പഴയ കത്ത്, പ്രസക്തിയില്ല; നേതൃത്വത്തിന്‍റെ തീരുമാനത്തിനപ്പുറം ഒന്നുമില്ല; കെ. മുരളീധരന്‍

അതേസമയം, ഡി.സി.സി നേതൃത്വത്തിന്റെ കത്ത് പുറത്ത് വന്നതിന് പിന്നിൽ പാളയത്തിൽ പടയെന്ന് വിമര്‍ശനമുയരുന്നു. പഴയ കത്ത് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് കെ.മുരളീധരനും വിവാദ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ സി.പി.എം, ബി.ജെ.പി ഗൂഢാലോചനയാണ് കത്തിന് പിന്നിലെന്ന് പറഞ്ഞ് അന്തരീക്ഷം തണുപ്പിക്കുകയാണ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ പദ്ധതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം എന്ന് പറഞ്ഞ എം.വി ഗോവിന്ദനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തി. കേന്ദ്ര നേതൃത്വത്തിന് കത്ത് കിട്ടിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു. 

പരസ്പരം പോരും വിഴുപ്പലക്കലും കഴിഞ്ഞെന്ന് കരുതിയിരിക്കുമ്പോഴാണ് ആഴത്തിലുള്ള കുത്തായി കത്ത് വിവാദമുയർന്നത്. സ്ഥാനാർഥി നിർണയ ചർച്ചകൾക്കിടെ കേന്ദ്ര നേതൃത്വത്തിന് മുൻപാകെ പല കത്തുകളും പോയിട്ടുണ്ടെന്നും ഹൈക്കമാൻഡ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ കത്തിന് പ്രസക്തിയില്ലെന്നും ഡി.സി.സി. പ്രതികരിച്ചു. കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് സംശയിക്കുന്ന ഡിസിസി നേതൃത്വം വേഗത്തില്‍ അന്വേഷണത്തിനോ, നടപടിക്കോ മുതിരില്ല.  

ENGLISH SUMMARY:

Palakkad by-election: Congress will investigate the letter row