മുഖ്യമന്ത്രിയെ കാണാന്‍ കുട്ടനാട് എം.എല്‍.എ തോമസ്.കെ.തോമസിന് അനുമതി നിഷേധിച്ചു. ഇന്നലെ ആലപ്പുഴയില്‍ വച്ച് കാണാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി തയാറായില്ല. സമയമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി അനുമതി നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുമായി വിശദ കൂടിക്കാഴ്ചയ്ക്ക് തോമസ്.കെ.തോമസ് കത്ത് നല്‍കിയിരുന്നു.
അതിനിടെ തോമസ് കെ തോമസിനെതിരായ കൂറൂമാറ്റ കോഴ ആരോപണത്തില്‍ സര്‍ക്കാര്‍ സ്വമേധയ അന്വേഷണം പ്രഖ്യാപിക്കില്ല. ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന ആക്ഷേപത്തില്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കുരുക്കാവുമെന്നാണ് ഭയം. 100 കോടി വാഗ്ദാനത്തെപ്പറ്റി അന്വേഷണം ആരംഭിച്ചാല്‍് കള്ളപ്പണത്തിന്റെ പേരില്‍ ഇ.ഡി രംഗപ്രവേശം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
കോഴവാഗ്ദാനം ആന്റണി രാജു മുഖ്യമന്ത്രിയെ അറിയിച്ചിട്ടും വാര്‍ത്തകള്‍ വരുന്നത് വരെ മൂടിവെച്ചതിനാല്‍ അതിനുകൂടി ഇ.ഡിക്ക് മുന്‍പില്‍ ഉത്തരം പറയേണ്ടി വരും. അതിനാല്‍ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് കെ തോമസ് പരാതി നല്‍കിയാലും ഉടന്‍ അന്വേഷണത്തിലേക്ക് പോവില്ല. നിയമോപദേശം തേടി നടപടി ക്രമങ്ങള്‍ വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന.