പാലക്കാട് ചൂടേറിയ പ്രചാരണം കൊട്ടി കയറുമ്പോള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പ്രചാരണത്തിനിടെ ഒരു സ്കൂളിലെത്തിയതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്‍. കുട്ടികളോട് കുശലാന്വേഷണവും കളിചിരികളുമായി കൂടെ കൂടിയ സ്ഥാനാര്‍ത്ഥി,ഇടയ്ക്ക് മാഷായും മാറി കുട്ടികളുടെ പാഠപുസ്തകം കയ്യിലെടുത്തു. അവരുടെ പാഠഭാഗമൊന്നു വായിച്ചു. അപ്പോഴാണ് ബീര്‍ബലിന്‍റെ ഒരു കഥ ശ്രദ്ധയില്‍പ്പെടുന്നത്. അത് കുട്ടികള്‍ക്ക് രസകരമായി പറഞ്ഞു കൊടുത്തു സരിന്‍മാഷ്.
എല്ലാവരും പുസ്തകമെടുത്ത് ഒരു വര വരയ്ക്കാന്‍ സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടു. എന്നിട്ട് അത് മായ്ക്കാതെ ചെറുതാക്കാനും പറഞ്ഞു. സംശയിച്ച് നിന്ന കുട്ടികള്‍ക്ക് അതെങ്ങനെയെന്ന സൂത്രവും സരിന്‍ പറഞ്ഞു കൊടുത്തു. ആദ്യം വരച്ച വരയുടെ ഇപ്പുറത്തായി മറ്റൊരു വലിയ വര വരയ്ക്കുക അപ്പോള്‍ ആദ്യം വരച്ച വര ചെറുതാകും. കുട്ടികള്‍ അങ്ങനെ ചെയ്തു. സരിന്‍ മാഷിന്‍റെ ക്ലാസില്‍ ലയിച്ചിരിക്കുന്ന കുട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥി ഒരു ഉപദേശവും കൊടുക്കാന്‍ മറന്നില്ല.
അതിങ്ങനെയായിരുന്നു 'നമ്മളിങ്ങനെയാണ് വലുതും ചെറുതുമൊക്കയാവേണ്ടത്. ആരേയും വെട്ടേണ്ട ആവശ്യമില്ല,ആരേയും നശിപ്പിക്കണ്ടതുമില്ല.നമുക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക, മിടുക്കരാവുക.മറ്റുള്ളവരും മിടുക്കരായിക്കോട്ടെ'' ഇങ്ങനെയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ വാക്കുകള്‍. കുട്ടികളെ കയ്യിലെടുത്ത സരിന്‍ വീട്ടില്‍ ചെന്ന് സരിന്‍ ഡോക്ടര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയണമെന്ന് കുട്ടികളെ ഓര്‍മ്മപ്പെടുത്തിയശേഷമാണ് സ്കൂളില്‍ നിന്ന് മടങ്ങിയത്.