നമ്പര്‍ വണ്‍ പ്രതിപക്ഷം മാധ്യമങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിന്‍ എത്രത്തോളം കമ്യൂണിസ്റ്റായി മാറിയെന്ന ചോദ്യത്തിന് അത്ര വേഗമൊന്നും കമ്യൂണിസ്റ്റുകാരനായി മാറാന്‍ സരിന് കഴിയില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. താനൊരു കമ്യൂണിസ്റ്റാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് സരിന്‍ പറയുന്നത്. ഞങ്ങളെല്ലാം അങ്ങനെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീടിനെ കുറിച്ചും, മാധ്യമ വിമര്‍ശനത്തിന് നേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷയെ കുറിച്ചുമെല്ലാം മനോരമന്യൂസ് പ്രത്യേക പരിപാടി സനകപ്രദക്ഷിണത്തില്‍ റിപ്പോര്‍ട്ടര്‍ സനകന്‍ വേണുഗോപാലിനോട് അദ്ദേഹം മനസ് തുറന്നു.
മനോരമന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
ക്ലാസെടുക്കുന്നത് എല്ലാക്കാലത്തും മാഷിന്‍റെ രക്തത്തിലുണ്ട്...
എല്ലാക്കാലത്തും ക്ലാസും അതുപോലെ തന്നെ പഠനവും പഠിപ്പിക്കലുമൊക്കെ തന്നെയാണ്. എല്ലാം കൂടി ചേര്‍ന്നതാണ്. പഠനവും പഠിപ്പിക്കലും തന്നെയാണ്. രണ്ടും കൂടി ചേര്‍ന്നതാണ്. പഠിക്കുക, പഠിപ്പിക്കുക.
പാര്‍ട്ടി കമ്മിറ്റികളിലും പഠിപ്പിക്കലാണോ? ചോദ്യം ചോദിക്കുമോ?
ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അതിന് മറുപടി പറയുകയെന്നതാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പും അവിടുത്തെ സ്ഥാനാര്‍ഥിയെയും കുറിച്ച് പറയേണ്ടി വരും. കാരണം അദ്ദേഹം പെട്ടെന്ന് കോണ്‍ഗ്രസില്‍ നിന്ന് വന്നയാളാണ്. എത്രത്തോളം കമ്യൂണിസ്റ്റുകാരനായി സരിന്‍ മാറി?
അത്രവേഗമൊന്നും കമ്യൂണിസ്റ്റുകാരനായി മാറാന്‍ സരിന് സാധിക്കില്ല. അദ്ദേഹം ഇന്ന് , ഞാനിന്ന് പത്രത്തില്‍ വായിച്ചത് പോലെ ഏതോ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.. 'ഞാനൊരു കമ്യൂണിസ്റ്റാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു' എന്നാണ്. ഞങ്ങളെല്ലാം കമ്യൂണിസ്റ്റാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്. പൂര്‍ണമായ കമ്യൂണിസ്റ്റ് എന്ന് പറയാനൊന്നും, അങ്ങനെയൊരു കേഡറായി വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നുതന്നെയാണ് സരിന്‍ പറഞ്ഞിട്ടുള്ളത്.
അതിന് മാഷിന്‍റെ ക്ലാസൊക്കെ അറ്റന്‍ഡ് ചെയ്യാന്‍ പുള്ളി തയ്യാറായിട്ടുണ്ടോ?
(ചിരിക്കുന്നു) ക്ലാസൊന്നും തുടങ്ങിയിട്ടില്ല. നോക്കാം നമുക്ക്, എങ്ങനെയുണ്ടാകുമെന്ന്
ഈ അടുത്തകാലത്ത് കുറേപ്പേര് കോണ്‍ഗ്രസില്‍ നിന്നൊക്കെ വന്നല്ലോ, അവരെയൊക്കെ .. ഈ കെ.പി അനില്‍കുമാര്‍, പി.എസ്. പ്രശാന്ത്.. അങ്ങനെ, അവരൊക്കെ പാര്‍ട്ടിക്കാരായി മാറിയോ?
അവരൊക്കെ നന്നായി പാര്‍ട്ടിക്കാരായി മാറി. അവര്‍ ഈ പാര്‍ട്ടി കമ്മിറ്റിയിലേക്ക് വന്നു, ഏരിയാ കമ്മിറ്റിയിലേക്ക് വന്നു, ജില്ലാ കമ്മിറ്റിയിലേക്ക് വന്നു..അങ്ങനെ സംഘടനാ പ്രവര്‍ത്തനത്തിന്‍റെ വിവിധ തലങ്ങളില്‍ അവരൊക്കെ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയവും അവരുടെ സംഘടനാരീതിയും ഉപേക്ഷിച്ച് രാഷ്ട്രീയ ഇടതുപക്ഷ രാഷ്ട്രീയവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് സംഘടനാപ്രവര്‍ത്തനത്തിലേക്ക് സജീവമായി വന്നു. അവര്‍ ഉയര്‍ന്ന വീര്യത്തില്‍ ഇരിക്കുകയാണ്.
മാധ്യമങ്ങളെ മാഷ് നിരന്തരം വിമര്‍ശിക്കാറുണ്ട്. പക്ഷേ ചിലരൊക്കെ, പാര്‍ട്ടിക്കകത്ത് നിന്നുള്ളവര്‍ അതിരുകടന്ന പദപ്രയോഗങ്ങള്‍ കൊണ്ട് ഞങ്ങളെ വേട്ടയാടുന്നുണ്ട്.
അതില്‍ ഞങ്ങള്‍, പാര്‍ട്ടിയെന്ന രീതിയില്‍ ഉപയോഗിക്കുന്ന ഒരു രീതി.. നല്ല നിശിതമായ വിമര്‍ശനം നടത്താം, വിമര്‍ശിക്കാം. പക്ഷേ വിമര്‍ശിക്കുന്നതിനൊക്കെ ഉപയോഗിക്കുന്ന പദം, ഭാഷ നല്ല സുന്ദരമായിരിക്കണം. ഇതാണ് ഞങ്ങള്‍ കാണുന്ന ഒരു നിലപാട്. അങ്ങനെയല്ലാതെ നിലപാട് സ്വീകരിക്കുന്നത് കൊണ്ട് വെറുതേ ആവശ്യമില്ലാത്ത ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ് ചെയ്യുക. നമ്മുടെ വിമര്‍ശനത്തെക്കാളുപരി ആ വിമര്‍ശനത്തിനുപയോഗിച്ച പദത്തെയാണ് പിന്നീട് ചര്‍ച്ച ചെയ്യപ്പെടുക. അത് നമുക്ക് ഗുണം ചെയ്യുന്ന ഒന്നായിരിക്കില്ല. അതുകൊണ്ട് ശ്രദ്ധിച്ച് പദങ്ങളും അതുപോലെ തന്നെ സംസാരത്തിന്‍റെ ഭാഗമായിട്ടുള്ള നമ്മുടെ ഭാഷയും ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.
കൃഷ്ണദാസിന്‍റെ ആ വിമര്‍ശനങ്ങളെ മാഷ് ഉള്‍ക്കൊള്ളുന്നില്ല?
കൃഷ്ണദാസിന്‍റെ മാത്രമല്ല, അത് പ്രകോപപരമായ ഒരു അന്തരീക്ഷത്തില്‍ നിന്ന് വന്ന പ്രകോപനപരമായ നിലപാടാണെന്ന് കണ്ടാല്‍ മതി. പൊതുവേ നിലപാട് ഞാന്‍ പറഞ്ഞു.
ഇലക്ഷനിലെ സിറ്റുവേഷന്‍ എങ്ങനെയാണ് മാഷ് കണ്ടിട്ട്?
നല്ല സിറ്റുവേഷനാണ് പാലക്കാട്.
മൂന്ന് സ്ഥലത്തും ജയിക്കുമെന്നൊന്നും പറയരുത്
നമ്മളിപ്പോള്‍ മല്‍സരിക്കുമ്പോള്‍ മൂന്ന് സ്ഥലത്തും ജയിക്കുകയല്ലേ ചെയ്യുക?
ആണോ?
ആണ്.
വയനാട് ഉള്‍പ്പടെ?
(മാഷ് ചിരിക്കുന്നു) തോല്‍ക്കുമെന്ന് പറഞ്ഞിട്ട് ആരെങ്കിലും മല്‍സരിക്കുമോ? ഞാന്‍ ഇനി പറയാം, നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലം, നമ്മള്‍ ജയിക്കുന്ന മണ്ഡലമാണ്. പരമ്പരാഗതമായി ജയിക്കുന്നതാണ്. ഈ പാര്‍ലമെന്‍റ് ഇലക്ഷനിലും ജയിച്ചതാണ് ചേലക്കര. അപ്പൊ അവിടെ നല്ല ഭൂരിപക്ഷത്തിന് ജയിക്കും. ഇവിടെ മൂന്നാം സ്ഥാനത്താണ്. ഡോ. പി.സരിന്‍ സ്ഥാനാര്‍ഥിയായി, സ്വതന്ത്ര സ്ഥാനാര്‍ഥിയായി വന്നതോടുകൂടി പ്രത്യേകിച്ച് ഇന്‍റലക്ച്വലായ ഒരു കാന്‍ഡിഡേറ്റ് എന്ന നിലയില്‍ ഒരു അംഗീകാരം നേടി. അതിന് അനുകൂലമായൊരു മനസ് പാലക്കാട് രൂപപ്പെട്ട് വരുന്നുണ്ട്. അത് തീര്‍ച്ചയായും ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.
വയനാട്, ഒന്നും പറഞ്ഞില്ല
വയനാട്, സ്വാഭാവികമായും മെച്ചപ്പെട്ട ഒരു പ്രകടനം കാഴ്ച വയ്ക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്.
പ്രതിപക്ഷത്തുള്ള ആളുകള്‍ മാഷിനെ പേരെടുത്ത് പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ വിളിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?
അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല.
വിഷമം തോന്നാറില്ലേ?
ഒരു വിഷമവും തോന്നാറില്ല. എന്ത് വിഷമം തോന്നാന്‍? ഈ ബൂര്‍ഷ്വാ രാഷ്ട്രീയ മാധ്യമങ്ങളോടെല്ലാം ഞങ്ങള്‍ക്കെന്ത് വിഷമം?
ബൂര്‍ഷ്വാ മാധ്യമങ്ങളല്ലെന്നേ.. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് പറയുന്നത്..
അവര് രണ്ടാമത്തെ തരത്തിലാണ് വരിക. ആദ്യം പ്രതിപക്ഷം എന്നുപറയുന്നത് മാധ്യമമാണ്. നമ്പര്‍ വണ്‍ പ്രതിപക്ഷമെന്ന് പറയുന്നത് മാധ്യമങ്ങളാണ്. എല്ലാ മാധ്യമങ്ങളുമല്ല, പ്രധാനപ്പെട്ട മാധ്യമങ്ങള്‍.
സിപിഎം പ്രതിപക്ഷത്ത് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ പ്രതിപക്ഷത്തല്ലേ?
ഏയ്, ഞങ്ങള് പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ഇങ്ങനെയൊന്നുമല്ല. അവരുടെ ഒപ്പം തന്നെ നില്‍ക്കുകയാണ്.
സോളാര്‍ പോലെയുള്ള വിഷയങ്ങള്‍ കത്തിച്ചതാരാ?
സോളാറിന്‍റെ അവസാനഘട്ടത്തില്‍ വന്നപ്പോള്‍ നിങ്ങള്‍ക്ക് അത് വിടാന്‍ പറ്റൂല, ആ ഒരു വാര്‍ത്താമൂല്യമുള്ളത് കൊണ്ടുമാത്രം വന്നതാണ്. അത്രയുമേയുള്ളൂ.
ഒരു കാര്യം കൂടി.. പി.കെ ശ്യാമള, സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ്. കുടുംബത്തിലെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ടോ മാഷ്?
ഒന്നും ശ്രദ്ധിക്കുന്നില്ല. (ചിരിക്കുന്നു).
എന്താണത്? അപ്പോള്‍ വീട്ടിലെ കാര്യങ്ങള്‍?
വീട്ടിലെ കാര്യങ്ങള്‍.. വീട്ടിലിപ്പോള്‍, വീടില്ലാന്നായി ഇപ്പോള്‍. കാരണം ശ്യാമള ഒറ്റയ്ക്കായി അവിടെ. മകന്‍ ഒരാള് കൊച്ചിയിലാണ്. മറ്റൊരാള് കേസുമായി.. വക്കീലാണ്. അവനിപ്പോ കൊച്ചിയിലാണുള്ളത്.അങ്ങനെ ഞങ്ങളൊക്കെ പലഭാഗത്താണുള്ളത്.
രാത്രി വിഡിയോ കോള്‍ വിളിക്കുമോ?
വിഡിയോ കോളൊന്നും വിളിക്കില്ല. ചിലപ്പോളൊക്കെ വിളിക്കുമെന്ന് മാത്രമേയുള്ളൂ.
ആധുനിക സംവിധാനമൊക്കെ ഉപയോഗിക്കേണ്ടേ മാഷേ?
സംവിധാനം ഉപയോഗിക്കുന്നതിന് കുഴപ്പമൊന്നുമില്ല.
അല്ല, അപ്പോള്‍ കുടുംബവുമായുള്ള നിരന്തര സമ്പര്‍ക്കമൊക്കെ?
അതൊക്കെ വിളിക്കും. എല്ലാ ദിവസവും വിളിക്കും.
വീടിനെ മിസ് ചെയ്യില്ലേ?
അങ്ങനെ പ്രശ്നമൊന്നും വീട്ടിലില്ലല്ലോ. ഞങ്ങള് രണ്ടാളും പൊളിറ്റിക്കല്‍ ഫീല്‍ഡില്‍ തന്നെയാണുള്ളത്. ഒരാള് വക്കീലായിപ്പോയി, ഒരാള് സിഇഒ ആയിപ്പോയി.
വിവാദങ്ങളൊക്കെ തലവേദനയാകുമോ? (പി.പി. ദിവ്യ)
ഒരിക്കലുമില്ല. ഞങ്ങള്‍ ശരിയായ നിലപാട് സ്വീകരിക്കുകയല്ലേ?
ഇത്തരം വിവാദങ്ങളില്‍ ടെന്‍ഷനടിക്കാറില്ലേ?
എന്തിനാണ് ടെന്‍ഷന്‍? ടെന്‍ഷനും കൊണ്ട് നടക്കേണ്ട വല്ല കാര്യവുമുണ്ടോ? ഒരു കാര്യവുമില്ല. വസ്തുതാപരമായി കാര്യങ്ങള്‍ മനസിലാക്കുക. ഇടപെടുക. നമ്മള്‍ ശരിയായ നിലപാട് സ്വീകരിക്കുക, മുന്നോട്ട് പോകുക.