mv-govindan-2

2026ല്‍ എല്‍ഡി.എഫ് 100 സീറ്റ് നേടി മൂന്നാമതും അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ചെന്നിത്തലയും സതീശനും സുധാകരനും മുഖ്യമന്ത്രിയാകാന്‍ മല്‍സരിക്കുകയാണ്. എന്നാല്‍ ഇവരാരും മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ പാലക്കാട്ട് പറഞ്ഞു.

 

അതേസമയം, പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണെന്നും ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ആശങ്കയുണ്ടെങ്കില്‍ അത് പരിഹരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിലെ ആശങ്ക പ്രതിനിധി സമ്മേളനത്തില്‍ പ്രാദേശിക നേതാക്കള്‍ ഉന്നയിച്ചിരുന്നു.

മദ്യനിര്‍മാണശാല യാഥാര്‍ഥ്യമാവുന്നതിലൂടെ നിരവധിപേര്‍ക്ക് തൊഴില്‍ ലഭിക്കും. കുടിവെള്ളം മുട്ടിക്കുമെന്നത് കള്ളപ്രചാര വേലയാണ്. ആര്‍ക്കും ആശങ്കയില്ലാതെയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച മദ്യനിര്‍മാണശാല പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു പ്രതിനിധി സമ്മേളനത്തില്‍ നേതാക്കളുയര്‍ത്തിയ ആശങ്ക. മറുപടി പ്രസംഗത്തിലാണ് മദ്യനിര്‍മാണശാലയുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് ഗോവിന്ദന്‍ ആവര്‍ത്തിച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന യാതൊരു പദ്ധതിയും ഇടത് സര്‍ക്കാര്‍ നടപ്പാക്കില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ നിലപാട്.

‌പാര്‍ട്ടിക്ക് നല്ല വേരോട്ടമുള്ള പാലക്കാട് ജില്ലയിലെ ചിലയിടങ്ങളില്‍ ഇപ്പോഴും വിഭാഗീയത നിലനില്‍ക്കുന്നതായി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അതീതരായി മാറുന്നവര്‍ക്ക് നല്‍കുന്ന സന്ദേശമാണ് പി.കെ.ശശിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി. പാലക്കാട് നിയോജകമണ്ഡലത്തില്‍ സിപിഎം വട്ടപ്പൂജ്യമാണെന്നും ബി.ജെ.പിയുടെ വളര്‍ച്ചയെ ഗൗരവമായി കാണമമെന്നും ഗോവിന്ദന്‍ പറഞ്ഞു. 

ENGLISH SUMMARY:

CPM state secretary M.V. Govindan says that the LDF will win 100 seats in 2026 and come to power for the third time.