ചിഹ്നം കണ്ടാലറിയാം, പക്ഷേ പേരു പറഞ്ഞാല്‍ തെറ്റിപ്പോവുമോ എന്ന ആശങ്കയില്‍ വോട്ടര്‍മാര്‍ മുഖത്തോട് മുഖം നോക്കിയാല്‍ സ്ഥാനാര്‍ഥി എന്ത് ചെയ്യും. വോട്ട് തേടുന്നതിനൊപ്പം ചിഹ്നത്തെക്കുറിച്ച് നന്നായി പഠിപ്പിക്കുക കൂടി ചെയ്യുകയല്ലാതെ മറ്റ് വഴിയില്ല. അരിവാള്‍ ചുറ്റിക നക്ഷത്രമെന്ന അടയാളം ഹൃദയത്തില്‍ പതിഞ്ഞവരോട് പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇത്തവണ ഹൃദയം തുടിക്കുന്നതറിയാനുള്ള ചിഹ്നത്തിനെ പരിചയപ്പെടുത്തുന്ന സമയം അധ്യാപകനാവുകയാണ്.
കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന കൊഴല്. വള്ളി പോലൊരു സാധനം. ഡോട്ടറുടെ കഴുത്തിലും കണ്ടിരുന്നു. പോരട്ടെ പോരട്ടെയെന്ന് സ്ഥാനാര്‍ഥി പറയുന്നുണ്ടെങ്കിലും അമ്മമാര്‍ക്ക് പേര് ഉച്ചത്തില്‍ പറയാനൊരു പ്രയാസം. ഇതിന് പരിഹാരമായി സ്ഥാനാര്‍ഥി തന്നെ അധ്യാപകനായി. ചിഹ്നത്തെക്കുറിച്ചും വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പരസ്പരം മിണ്ടിയും പറഞ്ഞും.
നിഷ്ങ്കളങ്കമായ ചിരി സമ്മാനിച്ച് ഇത്തവണ ഹൃദയമിടിപ്പ് അളക്കുന്ന സാധനത്തിന് തന്നെയാണ് വോട്ടെന്ന് സ്ഥാനാര്‍ഥിയോട് സ്നേഹത്തോടെ. സരിനെത്തിയതോടെ എതിര്‍ സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും ചങ്കിടിപ്പ് കൂടിയെന്നും വോട്ട് ചെയ്യാനുള്ള അവസരത്തിനൊപ്പം ഇടയ്ക്ക് സരിന്റെ ചിഹ്നം സ്വന്തം നെഞ്ചില്‍ വച്ച് ഹൃദയതാളം പരിശോധിക്കാമെന്നും ഇടത് നേതാക്കളുടെ ഉപദേശം.