എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയതില്‍ സിപിഎം ഉറച്ച് നില്‍ക്കുമ്പോള്‍ നിലപാട് ആവര്‍ത്തിച്ച് സിപിഐ. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ എന്നാണ് സിപിഐയുടെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ വികസന വിരുദ്ധരല്ല. എവിടെ ഇക്കാര്യം ചര്‍ച്ച ചെയ്താലും ഇതാകും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി എം.ബി.രാജേഷുമായി കൂടിക്കാഴ്ച നടത്തിയതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നും തങ്ങള്‍ ഒരേ മുന്നണിയിലെ സഖാക്കളാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. 

രണ്ട് ദിവസം മുന്‍പാണ് എം.എന്‍.സ്മാരകത്തിലെത്തി എക്സൈസ് മന്ത്രി എം.ബി.രാജേഷ് ബിനോയ് വിശ്വത്തെ കണ്ടത്. പദ്ധതികൊണ്ട് ജലദൗര്‍ലഭ്യം ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.പദ്ധതിയെ ബിനോയ് വിശ്വം എതിര്‍ത്തില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന സൂചനകള്‍ തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നല്‍കിയത്. നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണെന്നും ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ആശങ്കയുണ്ടെങ്കില്‍ അത് പരിഹരിച്ച് നടപ്പാക്കുമെന്നുമായിരുന്നു പാലക്കാട് ജില്ലാസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ 'മദ്യനിര്‍മാണശാല' ദോഷം ചെയ്യുമെന്നായിരുന്നു പ്രാദേശിക നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചത്. കുടിവെള്ളം മുട്ടുമെന്നത് കള്ളപ്രചാരവേലയാമെന്നും പദ്ധതി ആശങ്കകള്‍ പരിഹരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

CPM remains firm on granting approval for the liquor manufacturing unit in Elappulli, the CPI has reiterated its stance. CPI State Secretary Binoy Viswam told the media that development should only proceed after ensuring the availability of drinking water. He clarified that the CPI is not against development but emphasized that this will remain their position regardless of where the matter is discussed.