കൊടകര കുഴല്‍പ്പണക്കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ബിജെപി എന്ത് വിശദീകരണം നല്‍കിയാലും സാധാരണ ജനങ്ങള്‍ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചാക്കില്‍ കെട്ടിയ കോടിക്കണക്കിന് രൂപയാണ് എത്തിയത്. തുടരന്വേഷണം വേണമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. കൊടകര ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തന്നെ വിവരങ്ങള്‍ വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ ആരോപണം. ആരോപണങ്ങള്‍ക്ക് പിന്നിലെ തിരക്കഥ എകെജി സെന്‍ററില്‍ നിന്നാണ്. സതീശനെ സിപിഎം വിലയ്ക്കെടുത്തെന്നും അവര്‍ ആരോപിച്ചു. ബിജെപിയെ തകര്‍ക്കാനുള്ള സിപിഎം ശ്രമമാണിതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത് ശോഭ സുരേന്ദ്രന്‍ പറഞ്ഞിട്ടാണെന്നായിരുന്നു തിരൂര്‍ സതീശന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ശോഭ പറഞ്ഞു. സംഘടനാ പ്രസിഡന്‍റ് അടുത്തകാലത്താണെന്നും അങ്ങനെ വന്നാല്‍ തനിക്ക് ബിജെപി പ്രസിഡന്‍റാകാന്‍ പറ്റുമെന്നും അവര്‍ പറഞ്ഞുവെന്നും സതീശന്‍ ആരോപിക്കുന്നു. ശോഭയെ ജില്ലാ കമ്മിറ്റി ഓഫിസില്‍ കടത്തരുതെന്ന് ജില്ലാ അധ്യക്ഷന്‍ പറഞ്ഞു. ഇപ്പോള്‍ ശോഭ ഓരോന്ന് വിളിച്ചു പറഞ്ഞ് ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകരുതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.