ആർഎസ്എസിൽ ചേരാൻ ആർക്കും അപേക്ഷ കൊടുത്തിട്ടില്ലെന്ന് കെ സുരേന്ദ്രന് രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി. പൊതു പ്രവർത്തനം നിർത്തേണ്ടി വന്നാൽ അങ്ങ് നിർത്തും ,എന്നാലും അങ്ങോട്ടില്ലെന്നാണ് രാഹുലിന്റെ പ്രതികരണം. പാലക്കാട് കോൺഗ്രസിലെ തമ്മിലടി തുടരുന്നതിനിടെ യൂത്ത് കോൺഗ്രസ് നേതാവ് ഹക്കീം കൽമണ്ഡപവും പാർട്ടി വിട്ടു.
കൊടകര കുഴൽപണ കേസുമായി ബന്ധപ്പെട്ട് തനിക്ക് എതിരെ കെ സുരേന്ദ്രന് ഉന്നയിച്ച ആരോപണങ്ങൾ തള്ളുകയാണ് രാഹുൽ മാങ്കുട്ടത്തിൽ.തനിക്ക് പി ആർ ഏജൻസിയുമായി ബന്ധമുണ്ടെങ്കിൽ കെ സുരേന്ദ്രൻ ഇലക്ഷൻ കേസ് നൽകണം. ആരോപണം ശരിയാണെങ്കിൽ ഇലക്ഷൻ കമ്മീഷൻ അയോഗ്യനാക്കും. ബി.ജെ.പിയിലെ എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ താനാണെങ്കിൽ സുരേന്ദ്രന് എന്തിനാണ് ആ പദവിയിൽ ഇരിക്കുന്നതെന്നും രാഹുൽ ചോദിച്ചു.
കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് പാർട്ടി വിടുന്നതെന്ന് പറഞ്ഞ രാഹുൽ കോൺഗ്രസ് കൊഴിഞ്ഞു പോക്ക് നേരിടുന്ന പിരായിയിൽ 3 അക്ക സംഖ്യയുടെ ഭൂരിപക്ഷം കോൺഗ്രസിന് ഉണ്ടാവുമെന്നും വ്യക്തമാക്കി. അതിനിടെയാണ് വീണ്ടും കോൺഗ്രസിൽ കൊഴിഞ്ഞ് പോക്ക് ഉണ്ടായത്.പാലക്കാട് ടൗൺ യൂത്ത് കോൺഗ്രസ് ഈസ്റ്റ് മുൻ മണ്ഡലം പ്രസിഡന്‍റ് ഹക്കീം കൽമണ്ഡപമാണ് പാർട്ടി വിട്ട് സി പി എമ്മിന്‍റെ ഭാഗമാവുന്നത്. ഷാഫി പറമ്പിലിന് ഏകാധിപത്യ നിലപാടാണെന്ന് ഹക്കീം.