കൊടകര കുഴല്‍പ്പണക്കേസില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഷ്ട്രീയ ആരോപണമായി സിപിഎം ഇതുവരെ വിഷയം ഉന്നയിക്കാത്തത് തന്നെ ഇതിന് തെളിവാണ്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണോ കേസില്‍ തുടരന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ കേസില്‍ സാക്ഷിയായതും ഒത്തുകളിയുടെ ഭാഗമായെന്നും സതീശന്‍ ആരോപിച്ചു.
പാലക്കാട്ട് ബിജെപിക്ക് സിപിഎമ്മിന്‍റെ തുണയുണ്ടെന്നും എല്ലാ നീക്കങ്ങളും ബിജെപിയെ സഹായിക്കാനാണെന്നും വി.ഡി. സതശീന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുഴല്‍പ്പണക്കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണം. കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ബിജെപി എന്ത് വിശദീകരണം നല്‍കിയാലും സാധാരണ ജനങ്ങള്‍ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചാക്കില്‍ കെട്ടിയ കോടിക്കണക്കിന് രൂപയാണ് എത്തിയത്. തുടരന്വേഷണം വേണമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. കൊടകര ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തന്നെ വിവരങ്ങള്‍ വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.