പാലക്കാട്ടെ ഹോട്ടലില്‍ പൊലീസ് നടത്തിയത് സ്വാഭാവിക പരിശോധനയെന്ന വാദവുമായി സിപിഎം. പരിശോധനയെ ഇത്ര പുകിലാക്കി മാറ്റേണ്ടതില്ലെന്നും ആദ്യം പരിശോധിച്ചത് ടി.വി. രാജേഷിന്‍റെ മുറിയാണെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എന്തിനാണ് പരിശോധനയെ പ്രതിരോധിക്കുന്നതെന്നും എന്തിനാണ് പരിഭ്രാന്തി കാട്ടുന്നതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. ഹോട്ടലിലെ സിസിടിവി പരിശോധിക്കുന്നത് വൈകരുതെന്നായിരുന്നു എ.കെ ബാലന്‍റെ പ്രതികരണം. പരിശോധന തടയാന്‍ ശ്രമിച്ചത് സംശയകരമാണെന്നും സമഗ്രഅന്വേഷണം വേണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും ആവശ്യപ്പെട്ടു.
അതേസമയം, പണം എത്തിച്ചെന്ന വിവരം പൊലീസിന് കിട്ടിയത് കോണ്‍ഗ്രസില്‍ നിന്നു തന്നെയെന്ന് ഇടതുസ്ഥാനാര്‍ഥി പി.സരിന്‍. ഷാഫിയുടെ ആസൂത്രണം കൃത്യമായി പൊളിക്കും. ഷാഫി നാടകം കളിച്ചാല്‍ അതിലും വലിയ നന്മതിരക്കഥ താന്‍ ഇറക്കുമെന്നും സരിന്‍ പറഞ്ഞു.
പാലക്കാട്ടെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അനധികൃതമായി പണം ഒഴുക്കുന്നുവെന്ന പരാതിയിലാണ് ഇന്നലെ രാത്രിയില്‍ പൊലീസ് അസാധാരണ നീക്കം നടത്തിയത്. യുഡിഎഫ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളില്‍ രാത്രിയോടെ പൊലീസ് പരിശോധനയ്ക്ക് എത്തുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ അനധികൃതമായി വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ എത്തിച്ചുവെന്ന എൽ.ഡി.എഫ് പരാതിയിലാണ് പൊലീസ് നീക്കം.