പാലക്കാട്ടെ യുഡിഎഫ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ അര്‍ധരാത്രിയില്‍ പരിശോധന നടത്തിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചുവെന്നും അതേക്കുറിച്ച് പാര്‍ട്ടിക്ക് വിവരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണം എത്തിച്ചതിന്‍റെ വിവരം കുറച്ച് കഴിയുമ്പോള്‍ പുറത്തുവരും. വന്ന പണം എന്ത് ചെയ്തുവെന്ന് പൊലീസ് പരിശോധിക്കട്ടെ. എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. 

ഹോട്ടലിലെ പരിശോധനയില്‍ ഡിജിപിക്ക് സിപിഎം പരാതി നല്‍കി. ഹോട്ടലിലെ മുഴുവന്‍ മുറികളും സിസിടിവിയും പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. നീല ട്രോളി ബാഗില്‍ രാഹുലിന്‍റെ സഹായിയായ ഫെനി കള്ളപ്പണം കൊണ്ടുവന്നതിന് തെളിവുണ്ട്. മുറികള്‍ പരിശോധിക്കുന്നതില്‍ നിന്ന് ഷാഫി പറമ്പിലും വി.കെ ശ്രീകണ്ഠനുമാണ് ഉദ്യോഗസ്ഥരെ വിലക്കിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. 

അതിനിടെ പാലക്കാട്ടെ ഹോട്ടലില്‍ പൊലീസ് വീണ്ടും പരിശോധന നടത്തുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. സൈബര്‍ സെല്‍, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന സംഘത്തിലുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെ ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാതിരുന്നത് വിവാദമായിരുന്നു. 

ENGLISH SUMMARY:

Congress brought black money to Palakkad, alleges CPM State Secretary MV Govindan. He added that the UDF has something to hide