അര്‍ധരാത്രിയില്‍ ഹോട്ടല്‍മുറിയിലെത്തിയ പൊലീസ് സംഘം വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചുവെന്നും ഐഡന്‍റിറ്റി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ട് തയ്യാറായില്ലെന്നും മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഷാനിമോള്‍ ഉസ്മാന്‍. വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വനിതാപൊലീസുമായി എത്തിയ ഉദ്യോഗസ്ഥര്‍ മുറി പരിശോധിച്ചുവെന്നും ദേഹപരിശോധന നടത്തിയെന്നും വസ്ത്രങ്ങളടരക്കം വലിച്ച് പുറത്തിട്ടെന്നും ഷാനിമോള്‍ ആരോപിച്ചു. എ.എ റഹീമിന് മറുപടി പറയാനില്ലെന്നും സഹതാപം മാത്രമേയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന നടപടിയാണുണ്ടായതെന്നും നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.
ഷാനിമോളുടെ പ്രതികരണത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: 'വളരെ മോശമായ കാര്യമാണുണ്ടായത്. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി കേരളത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്ത് കൂടി കടന്നുവന്ന് പൊതുരംഗത്ത് നില്‍ക്കുന്ന ഒരാളെന്ന നിലയില്‍, ഒരു സ്ത്രീയെന്ന നിലയില്‍ എന്‍റെ സ്വത്വ ബോധത്തെ ചോദ്യം ചെയ്ത പ്രശ്നമാണിവിടെ നടന്നത്. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ്, 12.02 എന്ന് വേണമെങ്കില്‍ പറയാം..ഈ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞിട്ട് പിന്നെ തള്ളുകയാണ്. ബെല്ലും അടിച്ചു. അപ്പോ ഞാന്‍ ഒരു പത്തര കഴിഞ്ഞപ്പോള്‍ വന്ന് കിടന്നുറങ്ങി. പെട്ടെന്ന് ശബ്ദം വേറെ മുറിയിലാണെന്നാണ് ഓര്‍ത്തത്. വാതിലിനുള്ളിലെ ലെന്‍സിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ നാല് പുരുഷ പൊലീസുകാര്‍ ഇവിടെ നില്‍ക്കുകയാ.. ഞാന്‍ അവിടെ നിന്നിട്ട് പറഞ്ഞു, ഞാന്‍ ഷാനിമോള്‍ ഉസ്മാന്‍ ആണ്. മുന്‍ എംഎല്‍എയാണ്. എന്താണ് കാര്യമെന്ന് ചോദിച്ചു. റൂം തുറന്നില്ല. അപ്പോള്‍ പറഞ്ഞു, 'നിങ്ങള്‍ റൂം തുറക്കണം'. റൂം തുറക്കാന്‍ സാധ്യമല്ല ഈ സമയത്ത്, എന്താണ് കാര്യമെന്ന് പറയാന്‍ പറഞ്ഞു. 'തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമാണെന്ന്' പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യം ഇപ്പോള്‍ സംസാരിക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്കെന്നോട് സംസാരിക്കണമെങ്കില്‍ നിങ്ങള്‍ നേരെ റിസപ്ഷനില്‍ ചെന്നിട്ട് എന്‍റെ ഫോണില്‍ സംസാരിക്കൂ എന്ന് പറഞ്ഞു. എന്‍റെ വേഷമൊക്കെ, ഉറങ്ങാന്‍ വേണ്ടിയുള്ള വേഷമൊക്കെയിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. എന്നിട്ട് അവരങ്ങ് പോയി, ഞാനവിടെ ഇരിക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ വെളിയില്‍ ബഹളം കേള്‍ക്കുകയാണ്. ഇവര് മാത്രമുള്ളപ്പോള്‍ എനിക്ക് വെളിയില്‍ ഇറങ്ങി വരേണ്ട കാര്യമില്ല ആ സമയത്ത്. ബഹളം കേട്ട് നോക്കുമ്പോള്‍ ബിന്ദു കൃഷ്ണയുടെയൊക്കെ ശബ്ദം കേള്‍ക്കുന്നുണ്ട്. ഞാന്‍ പെട്ടെന്ന് ഡ്രസ് മാറിയിട്ട് പുറത്തിറങ്ങി വന്നു. അപ്പോള്‍ 'നിങ്ങളുടെ മുറിയില്‍ കയറണ'മെന്ന് പറഞ്ഞു. മുറിയില്‍ കയറുന്നതിന് കുഴപ്പമില്ല, ഐഡന്‍റിറ്റി കാര്‍ഡ് കാണണമെന്ന് പറഞ്ഞു. ഇവരുടെ ആരുടെയും കയ്യില്‍ ഐഡന്‍റിറ്റി കാര്‍ഡുകളില്ല. മഫ്തിയിലുള്ളവരുണ്ട്, യൂണിഫോമിട്ടവരുണ്ട്. ഇതിനകത്തുള്ളത് ആരാണെന്ന് എനിക്കറിഞ്ഞുകൂട. ഐഡന്‍റിറ്റി കാര്‍ഡ് കാണിക്കൂ എന്ന് പറഞ്ഞു. ഇതിനെല്ലാം മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും സാക്ഷിയാണ്. Also Read: ‘പണം കൊണ്ടുവന്നയാളെ അറിയാം’; വിവരം ലഭിച്ചത് കോണ്‍ഗ്രസ് നിന്നുതന്നെ: റഹീം
നിങ്ങള്‍ വന്ന് നോക്കേണ്ടതെല്ലാം നോക്കൂ. പക്ഷേ മുറിക്കുള്ളില്‍ കയറണമെങ്കില്‍ ഐഡന്‍റിറ്റി കാര്‍ഡ് കാണിക്കണം. അപ്പൊ ഐഡന്‍റിറ്റി കാര്‍ഡ് അവരുടെ കയ്യില്‍ ഇല്ല. അവര് കാണിക്കാന്‍ തയ്യാറല്ല. അതുകഴിഞ്ഞ് ഒരു വനിതാ പൊലീസുമായി വന്നു. അവര്‍ അകത്ത് കയറി, സത്യത്തില്‍ എന്‍റെ ശരീര പരിശോധനയടക്കം നടത്തി. നിയമത്തെ അംഗീകരിക്കണമെല്ലോ. 15 ദിവസമായിട്ട് ഒളിച്ചും പാത്തുമല്ല ഞങ്ങള്‍ പുറത്തുപോകുന്നത്. എല്ലാ ദിവസവും ഒരു പത്തുപന്ത്രണ്ട് തവണ വെളിയിലിറങ്ങും, തിരിച്ചുവരും അങ്ങനെയാണ് നില്‍ക്കുന്നത്. ആ സമയത്ത് ഇവര് വന്നിട്ട് മുഴുവന്‍ സാധനങ്ങളുമെടുത്ത് വെളിയിലിട്ടു. മൂന്നാല് ബാഗുണ്ട്. എന്നോട് ചോദിക്കുവാ, ഈ സാധനങ്ങളൊക്കെ എങ്ങനെയാണ് കൊണ്ടുവന്നത് എന്ന്? ഞാന്‍ പറഞ്ഞു കാളവണ്ടിയിലാ കൊണ്ടുവന്നത് എന്ന്. പണത്തെ കുറിച്ച് പറയുന്നവര്‍ പറയട്ടെ, ഞാനതില്‍ ഒന്നും പറയുന്നില്ല. എന്‍റെ രാഷ്ട്രീയ നേതൃത്വം പറയും. വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിടുക, ശരീരം പരിശോധിക്കുക. ടോയ്ലറ്റില് പോയി നോക്കുക, വിമാനത്തിലൊക്കെ കാണുന്നത് പോലെ.. ഒരു കാര്യം ഞാന്‍ പറഞ്ഞു, ഇതിനകത്ത് നിന്ന് ഇറങ്ങിപ്പോകാന്‍ പറ്റില്ല. എന്തൊക്കെ കണ്ടു എന്ന് രേഖാമൂലം എഴുതിക്കിട്ടണം. ഇപ്പോള്‍ പറയുന്നത് ഷാനിമോള്‍ ഉസ്മാന്‍ അവരെ ഉപദ്രവിച്ചുവെന്ന്. ഉപദ്രവം.. അതൊന്നും എന്‍റെ ജോലി അല്ല. പക്ഷേ ഇത് ഞാന്‍ പറഞ്ഞത് എന്‍റെ റൈറ്റാണ്. എന്‍റെ മുറിക്കകത്ത് കടന്നുവന്ന്, ഈ സാധനങ്ങളെല്ലാം നോക്കി, നാളെ ഇവരെന്തെങ്കിലും കൊണ്ടുവച്ചാല്‍ എനിക്കറിയേണ്ടെ? ഇവിടെ എന്ത് നിങ്ങള്‍ കണ്ടു, എന്ത് കിട്ടി? എന്ത് ചെയ്തു എന്ന് രേഖാമൂലം കിട്ടണം. അല്ലാതെ നിങ്ങള്‍ക്ക് ഇറങ്ങിപ്പോകാന്‍ പറ്റില്ലെന്ന് ഞാന്‍ മുഴുവന്‍ മാധ്യമങ്ങളുടെയും മുന്നില്‍ വച്ചുതന്നെ ഞാന്‍ അവരോട് പറഞ്ഞതാണ്. Read More: 12 മുറികള്‍ പരിശോധിച്ചു, പണം കണ്ടെത്താനായില്ലെന്ന് പൊലീസ്
എനിക്കിട്ടിരിക്കുന്ന വേഷമിട്ട് ഇവര് വന്നുവെന്ന് പറഞ്ഞ് ചാടിപ്പുറത്തുവരേണ്ട കാര്യമില്ല. ഇതിനുള്ളില്‍ സിസിടിവിയും കാര്യങ്ങളുമൊക്കെയുണ്ടല്ലോ. എന്‍റെ പ്രശ്നം ഒരു സ്ത്രീയുടെ സുരക്ഷ മാത്രമാണ്. എനിക്കൊറ്റയ്ക്ക് താമസിക്കണം. എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യണം. അങ്ങനെയുള്ള നിലയ്ക്ക് കേരളത്തിലുണ്ടായിട്ടുള്ള വലിയ സുരക്ഷാ വീഴ്ചയായിട്ടാണിതിനെ ഞാന്‍ കാണുന്നത്. പൊലീസ് വന്നു. അതുകഴിഞ്ഞിട്ട് എസിപി വന്നു, അവര് പറയുന്നത് ഇവാക്വേറ്റ് ചെയ്യാന്‍ വന്നതാണെന്നാണ്. എന്തിന്‍റെ പേരിലാണ് ? ആരുടെ നിര്‍ദേശപ്രകാരം പൊലീസ് വന്നു? എനിക്കറിയാനുള്ള റൈറ്റുണ്ട്. നിങ്ങള്‍ ഇലക്ഷന്‍ കമ്മിഷന്‍റെ ആളുകളാണെങ്കില്‍ അവരുടെ നിര്‍ദേശം എവിടെ? അതറിയാനുള്ള റൈറ്റുണ്ട്. ഇതിനൊന്നും അവര്‍ക്ക് മറുപടി പറയാനില്ല. എഴുതിത്തരണമെന്ന് പറഞ്ഞപ്പോള്‍ വളരെ വേഗായിട്ടുള്ള ഒന്നാണ് എഴുതിയത്. അതിനകനത്ത് , എന്‍റെ പേരുപോലുമില്ല. 1005–ാം മുറി നോക്കി, അതിനകത്ത് കണ്ടോ കണ്ടില്ലേ? അവര്‍ക്ക് നാളെ എന്തും എഴുതിച്ചേര്‍ക്കാം.
റഹീമിനൊന്നും മറുപടി പറയാന്‍ കേരളത്തില്‍ ആരും തയ്യാറാവില്ല. അയാളോടൊക്കെ തികഞ്ഞ സഹതാപം മാത്രമേയുള്ളൂ. ഷാനിമോള്‍ ഉസ്മാന്‍ മുറി തുറന്നില്ലെന്ന്! അതെങ്ങനെയാ എന്‍റെ ഇഷ്ടമല്ലേ മുറി തുറക്കണോ എന്നുള്ളത്? ഉള്ളിലൂടെ നോക്കുമ്പോള്‍ നാല് പൊലീസുകാര് പുറത്ത് നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്കങ്ങനെ മുറി തുറക്കാന്‍ പറ്റില്ല. അത് ഡിവൈഎഫ്ഐ അല്ല നിശ്ചയിക്കേണ്ടത്. ഡിവൈഎഫ്ഐയും യുവമോര്‍ച്ചയും തമ്മില്‍ എന്തെങ്കിലും അഡ്ജസ്റ്റ്മെന്‍റുണ്ടെങ്കില്‍ അത് വേറെ കാര്യം. പക്ഷേ ഇത് കേരളത്തിലെ സ്ത്രീകളുടെ സുരക്ഷയുടെ കാര്യമാണ്. വന്നയാളുകളുടെ മുഴുവന്‍ ചിത്രമടക്കം ഞങ്ങളുടെ കയ്യിലുണ്ട്. വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും ആ സമയത്തുണ്ട്. നിയമപരമായി തന്നെ കൈകാര്യം ചെയ്യും'.– ഷാനിമോള്‍ പറഞ്ഞു.