പാലക്കാട് അര്‍ധരാത്രിയില്‍ യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍. സിപിഎമ്മിന്‍റെ ആരോപണങ്ങള്‍ പൊളിഞ്ഞു. ജാള്യത മറയ്ക്കാനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കട്ടെ എന്നും രാഹുല്‍ കോഴിക്കോട് പറഞ്ഞു. കോണ്‍ഗ്രസിനെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നത്. പാലക്കാട്ടെ ജനം ഇതെല്ലാം കാണുന്നുണ്ടെന്നും അവര്‍ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ പരാതി കിട്ടിയതായി പൊലീസ് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സിപിഎം, ബിജെപി നേതാക്കളുടെ മുറികളിലും പൊലീസ് പരിശോധന നടത്തി. തനിക്കെതിരായ പരാതിയിലാണ് പരിശോധനയെങ്കില്‍ അവരുടെ മുറി പരിശോധിച്ചത് എന്തിനാണെന്നും സിപിഎമ്മും ബിജെപിയും ഒറ്റപ്പാര്‍ട്ടിയായാണ് ഇന്നലെ പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ ആരോപിച്ചു. റെയ്ഡ് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. Also Read: നേതാക്കള്‍ മുഖാമുഖം; പാലക്കാട് തെരുവ് യുദ്ധം; കണ്ടുനിന്ന് പൊലീസ്
പാലക്കാട്ടെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അനധികൃതമായി പണം ഒഴുക്കുന്നുവെന്ന പരാതിയിലാണ് പൊലീസ് അസാധാരണ നീക്കം നടത്തിയത്. യുഡിഎഫ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളില്‍ രാത്രിയോടെ പൊലീസ് പരിശോധനയ്ക്ക് എത്തുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ അനധികൃതമായി വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ എത്തിച്ചുവെന്ന എൽ.ഡി.എഫ് പരാതിയിലാണ് പൊലീസ് നീക്കം.