പാലക്കാട്ടെ പാതിരാ റെയ്ഡ് പാളിയതിൽ സിപിഎമ്മിൽ കടുത്ത അതൃപ്തി. പൊലീസ് കുറേക്കൂടി അവധാനതയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്ന്  നേതാക്കളിൽ ഒരു വിഭാഗത്തിന്റെ വിമർശനം. അതേസമയം കള്ളപ്പണം വന്നുവെന്നവാദത്തിൽ  ഉറച്ചുനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നോട്ട് പോകാനും പാർട്ടിയിൽ തീരുമാനം ആയി. പിടിച്ചെടുത്തില്ലായെന്നത് കള്ളപ്പണം എത്തിയില്ലെന്ന വാദത്തിനെ  സാധൂകരിക്കുന്നില്ലെന്നാണ്  പാർട്ടി നിലപാട്. Also Read: സരിന്‍റെ സ്ഥാനാര്‍ഥിത്വം; സി.പി.എം സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം

മൂന്നു മണിക്കൂർ നീണ്ട നാടകങ്ങൾ. അതിലേറെ നീണ്ട ആരോപണപ്രത്യാരോപണങ്ങൾ. നേരത്തോട് നേരം ആകുമ്പോഴേക്കും  സിപിഎമ്മിന്റെ വാദങ്ങളെയെല്ലാം മുനയൊടിച്ചു പോലീസ് അന്വേഷണം അവസാനിപ്പിച്ചു. പൊലീസിന്റെ രേഖകളിൽ പോലും അത്തരം ഒരു റെയ്ഡോ കേസോയില്ല. വിവരം കിട്ടിയതിന്റെ തൊട്ടു പിറകെ ആവശ്യം വേണ്ട മുൻകരുതൽ എടുക്കാതെ, പോലീസ് ഹോട്ടലിൽ ഇരച്ചു കയറിയതാണ് സംസ്ഥാന രാഷ്ട്രീയ രംഗം മാറ്റി മറിക്കാവുന്ന റെയ്ഡ് പൊളിയാൻ കാരണമെന്നാണ് സിപിഎമ്മിലെ പൊതു വിലയിരുത്തൽ. ഉന്നത ഉദ്യോഗസ്ഥർ പോലും അറിയാതെ കൂടിയാലോചന നടത്താതെ നീങ്ങിയതും തിരിച്ചടിയായി. പക്ഷെ തിരഞ്ഞെടുപ്പായതിനാൽ നേതാക്കൾ അത്യപ്തി പരസ്യമാക്കില്ല. കള്ളപ്പണത്തിനു തൊട്ടടുത്ത് വരെ പൊലീസ് എത്തിയെന്നാണ് ജില്ലയിൽ നിന്നുള്ള മന്ത്രിയുടെ വാദം. 

എന്നാൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് സമ്മതിക്കാനും കഴിയില്ല. ഈ വാദത്തിൽ ഊന്നി തിരഞ്ഞെടുപ്പ് പ്രചരണം തുടരും. റെയ്‌ഡിന് തൊട്ടു മുൻപ് ഒരു മന്ത്രി എസ്.പിയെ വിളിച്ചെന്ന ഇന്റലിജിൻസ് റിപ്പോർട്ടു‌‌‌ണ്ടെന്ന തരത്തിലുള്ള വാർത്തകളോട് പിന്നീട് പ്രതികരിക്കാമെന്നാണ് മന്ത്രിപറയുന്നത്.

ENGLISH SUMMARY:

CPM dissatisfied with failure of raid in Palakkad.