ഐഎഎസ് ഉദ്യോഗസ്ഥരുടെ ഹിന്ദു വാട്സാപ്പ് ഗ്രൂപ്പിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിഷയത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുനമ്പത്ത് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ബിജെപി ശ്രമിക്കുകയാണ്. ഒരു കുടിയൊഴിക്കലിനെയും സിപിഎം അനുവദിച്ച ചരിത്രമില്ല. വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ മുഖലക്ഷണമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ജമാ അത്തെ ഇസ്ലാമി ബിജെപിയുടെ കൗണ്ടര്‍പാര്‍ട്ടാണെന്നും രണ്ടും രണ്ടല്ലെന്നും സുരേഷ്ഗോപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പില്‍ കെ.ഗോപാലകൃഷ്ണനോട് ഇന്നോ നാളെയോ ചീഫ് സെക്രട്ടറി വിശദീകരണം തേടും. വ്യവസായ വകുപ്പ് ഡയറക്ടറായ കെ.ഗോപാലകൃഷ്ണനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ നിലപാടായിരിക്കും തുടര്‍നടപടികളുടെ വേഗത്തില്‍ നിര്‍ണായകമാകുക. Also Read: മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പ്: അന്വേഷണ റിപ്പോർട് ചീഫ് സെക്രട്ടറിക്ക് കൈമാറി
മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പില്‍ പൂര്‍ണ അന്വേഷണ റിപ്പോര്‍ട് ഡിജിപി കൈമാറിയതിനു പിന്നാലെയാണ് വിശദീകരണം തേടാനുള്ള ചീഫ് സെക്രട്ടറിയുടെ തീരുമാനം. മറുപടി കിട്ടിയതിനുശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. നേരത്തെ വിശദീകരണമാരാഞ്ഞപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്തതെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ മറുപടി. ഹിന്ദു, മുസ്ലിം വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയത് ഹാക്ക് ചെയ്തതല്ലെന്നാണ് പൊലീസ് റിപ്പോര്‍ട്. ഇന്നു അവധിയായതിനാല്‍ ഒരുപക്ഷേ നാളെയായിരിക്കും ചീഫ്സെക്രട്ടറി വിശദീകരണമാരാഞ്ഞുള്ള കത്ത് കൈമാറുക.
ചട്ടം 3(1), 3 (14 ) 3 (9) എന്നിവ പ്രകാരം സമൂഹ ഐക്യത്തിനു കോട്ടം തട്ടുന്ന വിധം പെരുമാറിയാല്‍ കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ് പ്രത്യക്ഷപ്പെടുന്നത്. ചീഫ് സെക്രട്ടറി വിശദീകരണം തേടുമെങ്കിലും തുടര്‍നടപടികളെല്ലാം സര്‍ക്കാരിന്‍റെ കൂടി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. കടുത്ത നിലപാടിലേക്ക് സര്‍ക്കാര്‍ മാറിയാല്‍ തുടര്‍നടപടികളും ഉടനുണ്ടാകും.
ഉപതെരഞ്ഞെടുപ്പ് സമയം കൂടിയായതിനാല്‍ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും സര്‍ക്കാര്‍ നടപടികള്‍. അതേസമയം കെ. ഗോപാലകൃഷ്ണനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ബിജെപി അനുകൂല സംഘടനകള്‍ രംഗത്തെത്തിയിരുന്നു.