TOPICS COVERED

പാര്‍ട്ടി നടപടിക്ക് തൊട്ടുപിന്നാലെ പി.പി.ദിവ്യയെ തള്ളാതെ കണ്ണൂരിലെ സി.പി.എം നേതൃത്വം. കൈക്കൂലി ആരോപണത്തില്‍ രണ്ടുപക്ഷമുണ്ടെന്നും ദിവ്യയെയോ നവീന്‍ ബാബുവിനെയോ തള്ളുകയോ കൊള്ളുകയോ വേണ്ടെന്നും  എം.വി.ജയരാജന്‍ തുറന്നുപറഞ്ഞു. പെരിങ്ങോം ഏരിയ സമ്മേളനത്തിലാണ് ദിവ്യ ഇപ്പോഴും പാര്‍ട്ടി സംരക്ഷണത്തിലാണെന്ന വ്യക്തമായ സന്ദേശം ജില്ലാ സെക്രട്ടറി നല്‍കിയത്. 

സമ്മര്‍ദം സഹിക്കവയ്യാതെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും ദിവ്യയെ പുറത്താക്കി രണ്ട് നാള്‍ തികഞ്ഞില്ല, നിലപാടില്‍ മലക്കംമറിയുകയാണ് സിപിഎം. കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ടെന്നും നവീന്‍ ബാബുവിനെയോ ദിവ്യയെയോ തള്ളുകയോ കൊള്ളുകയോ വേണ്ട എന്നുമാണ് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പാര്‍ട്ടി സമ്മേളന വേദിയില്‍ തന്നെ പറഞ്ഞത്. നിജസ്ഥിതി ഇനിയും അറിയാനുണ്ടെന്ന് എംവി ജയരാജയന്‍ പറയുന്നതിലൂടെ ദിവ്യയെ പൂര്‍ണമായും തള്ളുന്നില്ലെന്ന് വ്യക്തം

പാര്‍ട്ടി നടപടി ദിവ്യ അംഗീകരിച്ചതാണെന്നും ദിവ്യക്ക് അതൃപ്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമധര്‍മത്തിന് വിരുദ്ധമാണെന്നും ജയരാജന്‍. വസ്തുത ഇനിയും പുറത്തുവരാനുണ്ടെന്ന് കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറി തന്നെ തുറന്നുപറയുന്നതിലൂടെ സിപിഎം നിലപാടാണ് വീണ്ടും ചോദ്യംചെയ്യപ്പെടുന്നത്. നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമെന്നും ദിവ്യ ചെയ്തത് തെറ്റെന്നും ഇപ്പോഴും സുവ്യക്തമായി പറയാന്‍ കഴിയാത്തതും പാര്‍ട്ടിക്ക് തിരിച്ചടിയാകും. സമ്മേളന കാലയളവിലെ പാര്‍ട്ടി നടപടിയില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നും തന്‍റെ ഭാഗം കേള്‍ക്കാതെ നടപടിയെടുത്തെന്ന് ദവ്യക്കും പരാതിയുള്ളതായി വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കൂടിയാണ് ജില്ലാ സെക്രട്ടറിയുടെ നിലപാട് മയപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നത്

ENGLISH SUMMARY:

Immediately after the party action, the CPM leadership in Kannur did not reject PP Divya