rajan-plkd-suitcase

പാലക്കാട് 'പെട്ടി' വിട്ട് വയനാടിന് കേന്ദ്ര സർക്കാർ സഹായം വൈകുന്നത് അടക്കം നല്ല രാഷ്ട്രീയം ചർച്ച ചെയ്യാമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മൽസരം. ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയുന്നതില്‍ തനിക്ക് ധൈര്യക്കുറവില്ലെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിലെ അരിവിതരണത്തില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്താമെന്നും നടപടിയെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ വിഷയത്തിൽ സർക്കാർ ശരിയായ നിലപാടാണ് എടുത്ത്. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന് നോക്കാമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

 

അതേസമയം, 2021 ലെ വിധി അട്ടിമറിച്ചതിനു കോൺഗ്രസിനോടും സിപിഎമ്മിനോടും പാലക്കട്ടെ വോട്ടർമാർ പ്രതികാരം ചെയ്യുമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ബിജെപിക്ക് നിലവിലെ സാഹചര്യത്തിൽ ആരുമായും ഡീൽ സാധ്യമല്ല. കൊടകര കേസിൽ മൂന്നു വർഷം മുൻപ് ഇഡിക്ക് അയച്ച കത്തിനു കിട്ടിയ മറുപടി എന്തെന്ന് സർക്കാർ പറയണം. അവർ വിശദാംശം ചോദിച്ചോ, സർക്കാർ കൊടുത്തോ എന്നും മുരളീധരൻ ചോദ്യമുയര്‍ത്തി.

 

ചേലക്കരയും വയനാടും പോളിങ് ബൂത്തിലേക്കെത്താന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്. പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഇരു മണ്ഡലങ്ങളിലേക്കും നേതാക്കളുടെ ഒഴുക്കാണ്. അവസാന വട്ട പ്രചരണത്തിനു യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലേക്കെത്തും. ചേലക്കരയില്‍ അവസാന ലാപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ്. ചേലക്കരയില്‍ ചോദ്യമില്ലെന്ന് എല്‍ഡിഎഫ് ആത്മവിശ്വാസം പുലര്‍ത്തുമ്പോള്‍ പിടിച്ചെടുക്കുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം.

Google News Logo Follow Us on Google News

ENGLISH SUMMARY:

Leave that suitcase, let us discuss some good politics instead, says Minister K. Rajan. He also added that he is not hesitant to say that the by-election will be an assessment of the government.