തന്‍റെ ഭാഗം കേള്‍ക്കാതെയുള്ള അച്ചടക്കനടപടി അദ്ഭുതപ്പെടുത്തിയെന്ന് എന്‍. പ്രശാന്ത് മനോരമ ന്യൂസിനോട്. ജനങ്ങളുമായി സംവദിക്കുന്നത് ഒരു നിയമവ്യവസ്ഥയും വിലക്കുന്നില്ല. മറ്റൊരാളുടെ ചിന്തകളെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റ് നടപടിയാണെന്നും തന്‍റെ മേലുദ്യോഗസ്ഥനെ വിമര്‍ശിച്ചിട്ടില്ലെന്നും എന്‍. പ്രശാന്ത് മനോരമന്യൂസിനോട് പറഞ്ഞു. മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടി നല്‍കാന്‍ മാത്രം താന്‍ തരംതാണിട്ടില്ലെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. സസ്പെന്‍ഷന്‍ നടപടിക്കെതിരെ നിയമപരമായി നീങ്ങിയേക്കുമെന്നും പ്രശാന്ത് വെളിപ്പെടുത്തി.
സര്‍ക്കാര്‍ നയങ്ങളെ വിമർശിക്കുന്നതാണ് സർവീസ് ചട്ടപ്രകാരം തെറ്റെന്നും വ്യക്തി വിമർശനം തെറ്റല്ലെന്നുമാണ് പ്രശാന്ത് വാദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ ഉടൻ സമീപിച്ചേക്കും. സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന വാദത്തിലാണ് പ്രശാന്ത് ഉറച്ച് നില്‍ക്കുന്നതും. എന്നാൽ വ്യാജ പരാതി നൽകിയതിൽ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമോയെന്ന കാര്യത്തിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും. ഫോൺ ഹാക്ക് ചെയ്താണ് മതാടിസ്ഥാനത്തിലുള്ള വാട്സാപ് രൂപീകരിച്ചതെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ പരാതി. ഇതു തെറ്റെന്നാണ് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് എന്‍. പ്രശാന്തിനും ഗോപാലകൃഷ്ണനുമെതിരെ അച്ചടക്ക നടപടിയുണ്ടായത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്. മേലുദ്യോസ്ഥനെ അധിക്ഷേപിച്ചെന്ന കാരണത്തില്‍ പ്രശാന്തിനെതിരെയും മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍ ഗോപാലകൃഷ്ണനെതിരെയും നടപടിയെടുക്കുകയായിരുന്നു.