വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിനം ആരോപണ പ്രത്യാരോപണങ്ങളാൽ കൊഴുക്കുന്നു. യുഡിഎഫ് പണവും മദ്യവും ഒഴുക്കി വോട്ട് തേടുന്നു എന്ന് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ആരോപിച്ചപ്പോൾ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പുഴുവരിച്ച അരി നൽകിയതാണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ഉയർത്തി കാട്ടുന്നത്. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വിശ്രമത്തിലാണ്.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയാണ് ആദ്യ ആരോപണ ശരമെയ്തത്. തൊട്ടു പിന്നാലെ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും എത്തി.
ചൂടുപിടിച്ച പ്രചാരണ ഓട്ടങ്ങൾക്ക് ശേഷം പ്രിയങ്ക ഗാന്ധി വിശ്രമത്തിലാണ്. വൈകിട്ടോടെ മണ്ഡലത്തിലെ പല പ്രമുഖരെയും കാണാൻ ഉദ്ദേശിക്കുന്നുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണവും അതിനിടെ പൂർത്തിയായി. മണ്ഡലത്തിലെ 1354 പോളിംഗ് ബൂത്തുകളിലേക്കുള്ള യന്ത്രങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും ആണ് വിതരണം ചെയ്തത്. വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി വോട്ടെടുപ്പ് വൈകുന്നത് തടയാൻ പ്രത്യേക സംവിധാനവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.