തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. ഇന്ന് 10.30ന് പ്രസിദ്ധീകരിക്കുമെന്നാണ് കാണുന്നത്, തെറ്റായ നടപടിയാണിത്. സ്ഥാനാര്‍ഥിയെപ്പറ്റിയുള്ള പരാമര്‍ശം ബോധപൂര്‍വമാണ്. ഇതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഇ.പി. ജയരാജന്‍ ആരോപിച്ചു. പുറത്തുവന്ന കവര്‍പേജ് എന്റെ പുസ്തത്തിന്റേതല്ല. ഡി.സി.ബുക്സിന് കരാര്‍ നല്‍കിയിട്ടില്ലെന്നും ഒരു ഘട്ടത്തിലും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇപി വ്യക്തമാക്കി. പ്രസാധകര്‍ക്കെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കുമെന്നും ഇപി പറഞ്ഞു. Also Read: ‘പാര്‍ട്ടി എന്നെ മനസിലാക്കിയില്ല’; വോട്ടെടുപ്പ് ദിനത്തില്‍ ബോംബായി ഇപിയുടെ ആത്മകഥ...
എന്റെ പുസ്തകമെന്ന പേരില്‍ പുറത്തിറങ്ങിയതില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും തിരഞ്ഞെടുപ്പ് ദിനത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമമാണെന്നും ഇപി ആരോപിച്ചു. തിരഞ്ഞെടുപ്പ് ദിനം പുറത്തുവന്നത് ആസൂത്രിത പദ്ധതിയാണ്. പുറത്തുവന്ന വിവരങ്ങളെല്ലാം തെറ്റാണെന്നും തന്റെ പുസ്തകം വൈകാതെ എഴുതി പൂര്‍ത്തിയാക്കുമെന്നും ഇപി പറഞ്ഞു.
തന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ആത്മകഥയെന്ന് ഇ.പി.ജയരാജന്‍. ആത്മകഥ എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഇപി മനോരമ ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം വാര്‍ത്ത പുറത്തുവന്നത് ആസൂത്രിതമാണ്. സര്‍ക്കാരിനെതിരായ വിമര്‍ശനം ആത്മകഥയില്‍ ഉണ്ടെന്ന വാര്‍ത്തയോടാണ് പ്രതികരണം.
വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങിയതിന് തൊട്ടുപിന്നാലെ സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും ഇ.പി.ജയരാജന്‍. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്‍ അവസരവാദിയാണെന്ന് പരാമര്‍ശം ‘കട്ടന്‍ചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്‍റെ ജീവിതം’ എന്ന പുസ്തകത്തില്‍ ഉണ്ടെന്നാണ് വിവരം. യുഡിഎഫില്‍ സ്ഥാനാര്‍ഥിത്വം കിട്ടാതായപ്പോള്‍ ഇരുട്ടി വെളുക്കുംമുന്‍പുള്ള മറുകണ്ടംചാടലാണ് സരിന്റേതെന്നാണ് നിലപാട്. സ്വതന്ത്രര്‍ വയ്യാവേലിയായ സന്ദര്‍ഭമുണ്ടെന്നും പി.വി.അന്‍വര്‍ അതിന്റെ പ്രതീകമാണെന്നും പരാമര്‍ശമുണ്ട്. പ്രസാധകരായ ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്ന വിവരം പുറത്തുവിട്ടത്. പിന്നാലെ ഇതിലെ പേജുകളുടേതെന്ന് കരുതുന്ന ചിത്രങ്ങളും പുറത്തുവന്നു.