വി.ഡി.സതീശനെതിരായ ആരോപണം പി.ശശി എഴുതി നല്‍കിയെന്ന് പി.വി.അന്‍വര്‍. പി.ശശി നിയമനടപടി സ്വീകരിച്ചാല്‍ നേരിടും. തെളിയിക്കും. അന്നത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തെളിവ് ലഭിക്കും. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മല്‍സരിച്ചാലും പിന്തുണയ്ക്കുമെന്ന് അന്‍വര്‍ മനോരമ ന്യൂസ് കൗണ്ടര്‍ പോയന്‍റില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണ് വ്യാജ ആരോപണം ഉന്നയിപ്പിച്ചതെന്നും അന്‍വര്‍ രാവിലെ നടന്ന വാര്‍ത്തസമ്മേളനത്തില്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാനുള്ള മറ്റൊരു വടികൂടി യു.ഡി.എഫിന് സമ്മാനിച്ച് യു.ഡി.എഫിന്‍റെ പിണറായി വിരുദ്ധ പോരാട്ടത്തില്‍ ഇനി ഞാനുമുണ്ടെന്നും പ്രഖ്യാപിച്ചു. അതേസമയം ആരോപണം ഉന്നയിപ്പിച്ചത് താനാണെന്ന ആരോപണം പച്ചക്കള്ളമെന്നും രാഷ്ട്രീയ അഭയത്തിന് വേണ്ടിയുള്ള ഗൂഡാലോചനയെന്നുമാണ് പി.ശശിയുടെ പ്രതികരണം.