കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ നേര്‍ക്ക് ഒളിയമ്പെയ്ത് കെ മുരളീധരന്‍ . പലയിടത്തും പോകാന്‍ ശ്രമിച്ചു നടന്നില്ല ഒടുവില്‍ കോണ്‍ഗ്രസിലത്തി. നല്ലത് സ്നേഹത്തിന്‍റെ കടയിലെ അംഗത്വം എന്നും നിലനിര്‍ത്തണം. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വെറുപ്പിന്‍റെ കടയിലേക്ക് തിരിച്ചുപോകരുത് . ഇനിയങ്ങോട്ട് രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
സന്ദീപിന്‍റെ വരവ് ടിവിയില്‍ കണ്ടു. നല്ലകാര്യമാണ്.പലരും കോണ്‍ഗ്രസ് വിടുന്നു എന്നുപറയുമ്പോള്‍ ഒരു വാരിയരെ കിട്ടിയത് നല്ലകാര്യമാണ്. രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കില്‍ വയനാട്ടില്‍ പ്രിയങ്കഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനെങ്കിലും പോകാമായിരുന്നു. അത് ഒരു പ്രായശ്ചിത്തമായേനെ. രാഹുല്‍ ഗാന്ധിയെയെല്ലാം അദ്ദേഹം അത്രയേറെ വിമര്‍ശിച്ചിട്ടുണ്ട് . ഭാരത് ജോഡോ യാത്രനടത്തിയപ്പോള്‍ കശ്മീരിലേക്കല്ല ആന്‍ഡമാനിലേക്കാണ് യാത്ര നടത്തേണ്ടത് എന്നാണ് സന്ദീപ് പറഞ്ഞത് . അവിടെ സവര്‍ക്കറെ തടവില്‍ പാര്‍പ്പിച്ച മുറിയില്‍ പോയി ക്ഷമാപണം നടത്തണമെന്നും പറഞ്ഞയാളാണ്. രാഹുല്‍ ഗാന്ധിയെ ചികില്‍സാര്‍ഥം കോട്ടയ്ക്കല്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ കുതിരവട്ടത്താണ് പ്രവേശിപ്പിക്കേണ്ടത് എന്നും സന്ദീപ് പറഞ്ഞിരുന്നു. അങ്ങിനെയുള്ള സന്ദീപ്‍ വാര്യര്‍ രണ്ടാഴ്ച മുമ്പ് വന്ന് പ്രിയങ്കഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കില്‍ രാഹുലിനോട് ചെയ്ത തെറ്റിന് ക്ഷമാപണമാകുമായിരുന്നു.
ഇപ്പോള്‍ ഏന്തായാലും വന്നത് നല്ലകാര്യമണ്. മറ്റ് പാര്‍ട്ടികളില്‍ നോക്കിയിരുന്നു നടന്നില്ല. ഒരുകാര്യമേയുള്ളൂ സ്നേഹത്തിന്‍റെ കടയിലെ മെമ്പര്‍ഷിപ്പ് എന്നും നിലനിര്‍ത്തണം . ഗാന്ധിയെ കൊന്നതല്ല വെടികൊണ്ടപ്പോള്‍ മരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് . അല്ല അതൊക്കെ ബിജെപിക്ക് വേണ്ടി പറഞ്ഞതാണെന്നാണ് പറയുന്നത്. അതൊക്കെ കഴിഞ്ഞകാര്യമാണ് .എന്തായാലും കോണ്‍ഗ്രിലേക്ക് സ്വാഗതമെന്നും മുരളീധരന്‍ പറഞ്ഞു.