സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ വിമർശനം തുടർന്ന് സി പി എമ്മും ബിജെ പിയും. സന്ദീപിന്‍റെ വരവ് കോൺഗ്രസിന്‍റെ ഗതികേടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സന്ദീപിന്‍റെ പോക്ക് ബി ജെ പിയെ ഒരു തരിമ്പ് ബാധിക്കില്ലെന്ന് കെ സുരേന്ദ്രനും പറഞ്ഞു.സന്ദീപില്ലെങ്കിലും കോൺഗ്രസ് ജയിക്കുമെന്ന് പറഞ്ഞ് കെ മുരളീധരൻ അതൃപ്തി വീണ്ടും പരസ്യമാക്കി.
സന്ദീപ് വാര്യർ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്നതിലുള്ള സി പി എം അതൃപ്തി ഇന്ന് മുഖ്യമന്ത്രിയും ചില ഓർമപ്പെടുത്തലോടെ പരസ്യമാക്കി. സന്ദീപ് പാർട്ടി വിട്ട ഇന്നലെ മിണ്ടാതെ ഇരുന്ന എ കെ ബാലൻ ഇന്ന് ഗൂഡാലോചന വാദം ഉന്നയിച്ചു. സന്ദീപ് ഹാർഡ്കോർ വർഗീയ വാദിയാണെന്ന് പറഞ്ഞാണ് ഇന്ന് എൻ എൻ കൃഷ്ണദാസ് രംഗത്ത് എത്തിയത്. സന്ദീപിന്‍റെ പോക്ക് വരവിൽ കെ സുരേന്ദ്രൻ ഇനി ഒന്നും പറയുന്നില്ല.കോൺഗ്രസ് ക്യാമ്പിനെ പ്രതിരോധത്തിലാക്കി കെ മുരളീധരൻ ഇന്നും സന്ദീപിന്‍റെ പ്രവേശനത്തിൽ അതൃപ്തി തുടർന്നു. സന്ദീപിനെ തുറന്നു സ്വാഗതം ചെയ്തിരുന്ന സി പി എം കോൺഗ്രസ് പ്രവേശനത്തിലൂടെ നിലപാട് മാറ്റുന്നത് പാലക്കാട് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നതിൽ സംശയമില്ല.