പാണക്കാട് തങ്ങൾക്കെതിരെ  മുഖ്യമന്ത്രിയുടെ പരാമർശമടക്കമുള്ള സിപിഎമ്മിന്റെ എല്ലാ തിരക്കഥകളും പാലക്കാട് ചർച്ചയാകുമെന്ന് രാഹുൽ മാങ്കുട്ടത്തിൽ. അതു ബാധിക്കുന്ന ഒരു ജനത പാലക്കാട്ടുണ്ടെന്നും രാഹുല്‍ മനോരമന്യൂസിനോട് പറഞ്ഞു. വോട്ടർ പട്ടിക തയ്യാറാക്കിയപ്പോഴായിരുന്നു ഇരട്ട വോട്ടുകൾ തടയേണ്ടിയിരുന്നത്. വ്യാജ വോട്ട് ചെയ്യാൻ വന്നാൽ യുഡിഎഫും പ്രതിരോധിക്കും. വോട്ടർമാരെ തടയുമെന്നൊക്കെ ഒരു മന്ത്രി തന്നെ പറയുന്നതിന് വേറെ ധ്വനിയുണ്ടെന്നും അങ്ങനെ പേടിക്കുന്നവരല്ല പാലക്കാട്ടുകാരെന്നും രാഹുൽ മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം പാലക്കാട്ടുകാരന്‍ എന്ന നിലയില്‍ താന്‍ പാലക്കാട് തന്നെ വോട്ടുചെയ്യുമെന്നും പറവൂര്‍ പോയി വോട്ടുചെയ്യാന്‍ കഴിയില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ഗുണം ചെയ്യും. വ്യാജവോട്ട് വിവാദം ആരാണ് ഉയര്‍ത്തിയതെന്ന് ജനം മനസിലാക്കുമെന്നും സരിന്‍ മനോരമന്യൂസിനോട് പറഞ്ഞു. 

എന്നാല്‍ ഇരട്ടവോട്ടുകളെ നിയമപരമായി നേരിടുമെന്നായിരുന്നു പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്‍റെ പ്രതികരണം. ബിജെപിക്ക് അനുകൂല സാഹചര്യമാണ് മണ്ഡലത്തിലുള്ളത്.  വോട്ടര്‍മാരെ ബൂത്തുകളില്‍ തടയുമെന്ന് സിപിഎം പറയുന്നത് ആഭ്യന്തരവകുപ്പില്‍ വിശ്വാസമില്ലാത്തതിനാലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

പാലക്കാട്ടെ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിശബ്ദ പ്രചാരണത്തിന്റെ തിരക്കില്‍ സ്ഥാനാര്‍ഥികള്‍. പ്രചാരണസമയത്ത് നേരില്‍ക്കാണാന്‍ കഴിയാത്ത വോട്ടര്‍മാരെയും പ്രധാന നേതാക്കളെയും കൂടെനിര്‍ത്തുന്നതിനുള്ള ക്യാംപയിന് വേണ്ടിയാണ് മൂന്ന് പ്രധാന മുന്നണി സ്ഥാനാര്‍ഥികളും സമയം വിനിയോഗിക്കുക. പ്രചാരണത്തിനായി എത്തിയ മറ്റ് ജില്ലയില്‍പ്പെട്ട പ്രധാന നേതാക്കളെല്ലാം മടങ്ങിയിട്ടുണ്ട്. 183 പോളിങ് ബൂത്തുകളിലേക്കുമുള്ള സാധനങ്ങള്‍ രാവിലെ പാലക്കാട് വിക്ടോറിയ കോളജിലെ കൗണ്ടറില്‍ നിന്നും വിതരണം ചെയ്യും.

ENGLISH SUMMARY:

Double voting should have been prevented when the voter list was prepared. If anyone tries to cast fake votes, the UDF will defend them, says Rahul Mamkootathil. P. Sarin hopes that the controversies will benefit him in the election.