മുസ്‌ലിം സംഘടനകളുടെ രണ്ട് പത്രങ്ങളില്‍ സിപിഎം തിരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചത് അന്വേഷിക്കാന്‍ പാലക്കാട് ജില്ലാ കലക്ടറുടെ നിര്‍ദേശം . പരസ്യം മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റ് പരസ്യങ്ങള്‍ക്ക് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു. വോട്ടെടുപ്പിന്‍റെ തലേന്ന് സന്ദീപ് വാരിയര്‍ വിഷയമുയര്‍ത്തി രണ്ട് മുസ്‌ലിം സംഘടനകളുടെ പത്രങ്ങളില്‍ മാത്രം എല്‍ഡിഎഫ് പരസ്യം നല്‍കിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. കാഫിർ സ്ക്രീൻ ഷോട്ടിന്‍റെ പുതിയ രൂപമെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രതികരണം.
വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് സിപിഎമ്മിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സ്വന്തം പത്രത്തില്‍ പരസ്യം ചെയ്യാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്നും മുസ്‌ലിം സംഘടനകളുടേതില്‍ കൊടുക്കുന്നുവെന്നും സതീശന്‍ പരിഹസിച്ചു. എന്തു പറഞ്ഞായാലും ബിജെപി ജയിച്ചാലും യുഡിഎഫ് തോല്‍ക്കണമെന്നതാണ് സിപിഎമ്മിന്‍റെ ആഗ്രഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് പാഷാണം വര്‍ക്കിയുടെ റോളാണ്. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഒരു പ്രചാരണവും ക്രൈസ്തവര്‍ക്കിടയില്‍ മറ്റൊന്നുമാണ്. ഇതാണോ ഇടതുപക്ഷമെന്നും ഇവരോട് മല്‍സരിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സന്ദീപ് പറയാത്തതൊന്നും പരസ്യത്തിൽ ഇല്ലെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം. എല്ലാ പത്രങ്ങളിലും പരസ്യം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഉള്ളടക്കം ഒരുപോലെ ആകണമെന്ന് നിര്‍ബന്ധമില്ലെന്നുമായിരുന്നു മന്ത്രി എം.ബി രാജേഷിന്‍റെ പ്രതികരണം.